കൊയ്ത്ത് കഴിഞ്ഞ് 18 ദിവസം; നെല്ലിപ്പോഴും പാടത്തും റോഡിലും
1422953
Thursday, May 16, 2024 11:47 PM IST
എടത്വ: കൊയ്ത്ത് കഴിഞ്ഞ് 18 ദിവസമായിട്ടും നെല്ല് സംഭരിക്കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. തലവടി കൃഷിഭവന് പരിധിയില്‍ വരുന്ന മകരച്ചാലില്‍ പാടത്ത് 56 ഏക്കറിലെ നെല്ലാണ് സംഭരിക്കാനുള്ളത്. 350 ക്വിന്റല്‍ നെല്ലാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ഗുണനിലവാര പരിശോധനയില്‍ യാതൊരു കുഴപ്പവും ഇല്ലാതിരുന്ന നെല്ല് സമയത്ത് സംഭരിക്കാഞ്ഞതിനെത്തുടര്ന്ന് കിഴിവു കൊടുക്കേണ്ട അവസ്ഥയിലായിരിക്കുകയാണ്. ക്വിന്റലിന് 15 കിലോഗ്രാം കിഴിവ് നല്കിയാല് നെല്ല് എടുക്കാമെന്ന ഏജന്റി ന്റെ പിടിവാശിക്കു മുന്നില്‍ നഷ്ടം സഹിച്ചും കിഴിവ് കൊടുക്കാന്‍ കര്‍ഷകര്‍ തയാറായിട്ടും സംഭരണം നടക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പാടത്തും റോഡിലുമായിട്ടാണ് നെല്ല് കിടക്കുന്നത്. 14 ചെറുകിട നാമമാത്ര കര്‍ഷകരാണുള്ളത്. കഴിഞ്ഞതവണ ഈ പാടശേഖരത്തില്‍ 850 ക്വിന്റല്‍ നെല്ലാണ് ഇവിടെ വിളവ് ലഭിച്ചത്. വേനല്‍ മഴമൂലം കൊയ്ത്ത് യന്ത്രം പാടത്തിറങ്ങുമ്പോള്‍ താഴുന്നതിനാല്‍ നെല്‍ക്കതിരുകള്‍ കൊയ്തെടുക്കാന്‍ ആവാത്ത സാഹചര്യവും തൊഴിലാളികളെ ഉപയോഗിച്ച് നെല്ല് കൊയ്തെടുത്താലും വിളവ് കുറവായതിനാല്‍ അധിക സാമ്പത്തിക ബാധ്യതയാകുന്നതിനാലും 12 ഏക്കര്‍ സ്ഥലത്തെ കൊയ്ത്ത് ഉപേക്ഷിച്ചെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
നെല്ലിന് ഉണക്ക് കൂടുതലായതിനാല്‍ അരി കുറച്ച് ലഭിക്കൂ എന്നുള്ളതിനാല്‍ നഷ്ടം സംഭവിക്കും എന്നതിനാലാണ് സംഭരണം വൈകുന്നതിന് ആദ്യം കാരണമായി പറഞ്ഞിരുന്നതെന്നും സര്‍ക്കാര്‍ നല്കിയ പുതിയ നെല്‍വിത്തു വിതച്ച് വിളയിപ്പിച്ച കര്‍ഷകരെ അതിന്റെ ഗുണനിലവാരത്തിന്റെ പേരിലും കടുത്ത വേനലില്‍ ഉണ്ടായ ഉണക്കിന്റെ പേരിലും പീഡിപ്പിക്കുന്നത് കൊടിയ കര്‍ഷകവഞ്ചനയാണെന്നും കര്‍ഷകര്‍ പറയുന്നു.
കൊയ്തെടുത്ത നെല്ല് പാടത്തും വരമ്പിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. വേനല്‍മഴയില്‍ നെല്ലു നനഞ്ഞുപോകാതിരിക്കാന് കര്‍ഷകര്‍ കാവലിരിക്കുകയാണ്. തലവടി കൃഷിഭവനുകീഴില്‍ ഏറ്റവും ഒടുവിലായി കൊയ്ത പാടമാണിത്.
മറ്റെല്ലായിടത്തും നെല്ലു കയറിപ്പോയി. മുഞ്ഞയുടെ ആക്രമണത്തില്‍ ഇത്തവണ ഭൂരിഭാഗം കര്‍ഷകര്‍ക്കും കൃഷി കനത്ത നഷ്ടമായിരുന്നു.