വീട്ടിൽ വോട്ടു ചെയ്ത് ഭിന്നശേഷി സഹോദരങ്ങൾ
1418140
Monday, April 22, 2024 11:35 PM IST
മാന്നാർ: സമ്മതിദിനാവകാശം വിനിയോഗിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് ഭിന്നശേഷി സഹോദരങ്ങൾ. സഹോദരങ്ങളായ ഹസീനയും (43), അൻവറും (38) ഇത്തവണയും തങ്ങളുടെ മനഃസാക്ഷിയുടെ അംഗീകാരം രേഖപ്പെടുത്തി.
പുളിക്കലാലുംമൂട്ടിൽ അബ്ദുൾ മുനീറിന്റെയും നദീറയുടെയും മക്കളായ ഹസീനയും അൻവറും കഴിഞ്ഞ ദിവസമാണ് വീട്ടിൽ വോട്ട് ചെയ്ത് തങ്ങളുടെ സമ്മതിദിനാവകാശം വിനിയോഗിച്ചത്. സ്വയം നീങ്ങുന്ന ചക്രകസേരയിൽ അൻവർ സാവധാനമെത്തിയപ്പോൾ ഹസീനയെ പിതാവ് പൊക്കിയെടുത്ത് കസേരയിലിരുത്തുകയാണ് ചെയ്തത്.
ജന്മനായുള്ള വൈകല്യം മൂലം പരസഹായത്തോടെ ജീവിക്കുന്ന ഇരുവർക്കും വോട്ട് ചെയ്യുന്നതിന് ആരുടെയും സഹായം വേണ്ടിവന്നില്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ പേപ്പറുകളിൽ പേരെഴുതി ഒപ്പിടാനും സ്ഥാനാർഥിയുടെ പേരിനു നേരെ അടയാളപ്പെടുത്തിയ ബാലറ്റ് പേപ്പർ മടക്കി സുരക്ഷിതമായി കവറിലിട്ട് ഒട്ടിച്ച് ബാലറ്റ് പെട്ടിക്കുള്ളിൽ നിക്ഷേപിക്കാനും ഇരുവർക്കും സഹായികൾ വേണ്ടിവന്നില്ല.
ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തിരം ഫാറം 12ഡിയിൽ അപേക്ഷ സമർപ്പിച്ച് അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ പോളിംഗ് ഓഫീസർ സവിജമോൾ വി.എസ്, മൈക്രോ ഒബ്സെർവർ ഷിജു മാത്യു, ബൂത്ത് ലെവൽ ഓഫീസർ ഷീജ. എസ് തുടങ്ങിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും കാമറാമാനും അടങ്ങിയ സംഘം വീട്ടിലെത്തിയാണ് മാന്നാർ ടൗണിലെ എട്ടാം ബൂത്തിലെ വോട്ടർമാരായ ഹസീനയ്ക്കും അൻവറിനും വോട്ട് ചെയ്യാൻ അവസരം ഒരുക്കിയത്.