എസി റോഡിൽ പുലർകാല സർവീസുകൾ നിലച്ചിട്ട് രണ്ടു വർഷം
1418134
Monday, April 22, 2024 11:35 PM IST
മങ്കൊമ്പ്: നവീകരണജോലികളുമായി ബന്ധപ്പെട്ടു നിർത്തിവച്ച എസി റോഡിലെ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കാത്തതിൽ ജനരോഷം ശക്തമാകുന്നു. പുലർച്ചെയും രാത്രികാലങ്ങളിലും ഉണ്ടായിരുന്ന ഓർഡിനറി സർവീസുകൾ പുനരാരംഭിക്കാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
പള്ളിക്കൂട്ടുമ്മ മുതൽ കിടങ്ങറ വരെ എസി റോഡിന് ഇരുകരകളിലുമുള്ള യാത്രക്കാരാണ് കടുത്ത യാത്രാക്ലേശമനുഭവിക്കുന്നത്. എസി റോഡിൽ നവീകരണ ജോലികൾ ആരംഭിക്കും മുൻപ് പുലർച്ചെ സമയങ്ങളിൽ ചങ്ങനാശേരിക്കും ആലപ്പുഴയിലേക്കും കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ നടത്തിയിരുന്നു.
പുളിങ്കുന്ന്, ചമ്പക്കുളം എന്നിവിടങ്ങളിൽനിന്നുള്ള സ്റ്റേ സർവീസുകളാണ് മാമ്പുഴക്കരി, പുതുക്കരി, രാമങ്കരി, വേഴപ്ര, കിടങ്ങറ, കൊടുപ്പുന്ന തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പുലർച്ചെ ചങ്ങനാശേരി ഭാഗത്തേക്കു പോകുവാൻ ആശ്രയമായിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടു വർഷങ്ങളായി ഈ സർവീസുകൾ നിലച്ചു.
ഇപ്പോൾ രാവിലെ ആറിനു മാത്രമാണ് ചങ്ങനാശേരി ഭാഗത്തേക്കു സർവീസുള്ളത്. ഇവയാകട്ടെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളുമാണ്. ആലപ്പുഴയ്ക്കും രാവിലെ ആറോടുകൂടിയെ രാമങ്കരിൽ ബസ് എത്തുകയുള്ളു.
പുലർച്ചെ സമയങ്ങളിൽ വിവിധ ജോലികൾക്കു പോകുന്നവർ, മൽസ്യവിൽപനക്കാർ, ട്രയിൻ യാത്രയ്ക്കായി ചങ്ങനാശേരി യിലേക്കു യാത്ര ചെയ്യുന്നവർ തുടങ്ങിയവരാണ് കെഎസ്ആർടിസിയുടെ അവഗണന മൂലം ദുരിതമനുഭവിക്കുന്നത്.
ഇതിനു പിന്നാലെ അതിരാവിലെ സമയങ്ങളിൽ എസി റോഡ് വഴി സർവീസ് നടത്തിയിരുന്ന ദീർഘദൂര സർവീസുകളും നിലച്ചിട്ടു രണ്ടു വർഷമായി. തൃശൂർ, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിലച്ചത്.
എസി റോഡിൽ പുതുതായി നിർമിക്കുന്ന പാലങ്ങളുടെ നിർമാണജോലികൾ പൂർത്തിയാകാൻ മാസങ്ങളെടുക്കുമെന്നതിനാൽ യാത്രക്കാരുടെ കാത്തിരിപ്പും നീളും. കഴിഞ്ഞ നവംബറിൽ പൂർത്തിയാകുമെന്നു പ്രഖ്യാപിച്ചിരുന്ന നിർമാണജോലികളാണ് അനന്തമായി നീളുന്നത്. ഈ സാഹചര്യത്തിൽ പ്രതീക്ഷയറ്റ നാട്ടുകാർ ഗതാഗത മന്ത്രിക്കു നിവേദനം നൽകി കാത്തിരിക്കുകയാണ്.
പുലർച്ചെയുണ്ടായിരുന്ന സർവീസുകൾ പുനരാരംഭിച്ചു തങ്ങളെ യാത്രാദുരിതത്തിൽനിന്നുരക്ഷിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെടുന്നത്.