വ്യാപാരികളെ ദ്രോഹിക്കുന്ന നയം തിരുത്തണം: രാജു അപ്സര
1417960
Sunday, April 21, 2024 11:22 PM IST
പുറക്കാട്: തീരദേശ പരിപാലന നിയമത്തിന്റെ പേരില്‍ പാവപ്പെട്ടവരും സാധാരണക്കാരുമായ വ്യാപാരികളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. സിആര്‍എസ് പരിധിയില്‍ തീരദേശ വാസികളായ പാവപ്പെട്ട വ്യപാരികളെ ഉള്‍പ്പെടുത്തി അവര്‍ക്കു പഞ്ചായത്തില്‍നിന്നും ലൈസന്‍സ് കിട്ടാത്ത സ്ഥിതിയാണുള്ളതെന്നും രാജു അപ്സര പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുറക്കാട് യൂണിറ്റ് പുന്തലയില്‍ പുതിയതായി പണികഴിപ്പിച്ച വ്യാപാരഭവന്റെ സമര്‍പ്പണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈവേ വികസനം വന്നതോടെ കച്ചവടങ്ങള്‍ പലതും ഇല്ലാതായി. വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടവര്‍ പുറകിലത്തെ സ്ഥലത്ത് പുതിയ കെട്ടിടം പണിതപ്പോള്‍ പഴയ കെട്ടിട നമ്പരും ലൈസന്‍സും ഉള്ളവര്‍ക്കുപോലും ലൈസന്‍സ് നല്‍കാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരികള്‍ക്ക് സംഘടനയില്‍നിന്ന് ലഭിക്കുന്നതിനുള്ള തുകകളുടെ വിതരണോദ്ഘാടനവും സംഘടന സംസ്ഥാന പ്രസിഡന്റ് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബി. ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്ശനന് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഷ്റഫ് പ്ലാമ്മൂട്ടില്‍ വ്യാപാരികള്‍ക്കുള്ള ചികിത്സാ സഹായങ്ങള്‍ വിതരണം ചെയ്തു. സമ്മാനദാനം സംഘടന ജില്ലാ സെക്രട്ടറി പ്രതാപന് സൂരാലയം നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി തങ്കച്ചന് തോമസ്, ഫ്രാന്‍സിസ് ആന്റണി, ജില്ലാ സെക്രട്ടറി ഷംസുദ്ദീന് വി എസ്, സുബാഷ്, പഞ്ചായത്ത് അംഗങ്ങളായ ജി. സുഭാഷ് കുമാര്‍, ഡി. മനോജ്, ജി. പ്രസന്നന്, എസ്. ഷാജി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കണക്കും റിപ്പോര്‍ട്ടും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. ഭാരവാഹികളായി ബി. ബാലചന്ദ്രന് (പ്രസിഡന്റ് ) ഹസന് കുഞ്ഞ് (വര്‍ക്കിംഗ് പ്രസിഡന്റ്), തങ്കച്ചന് തോമസ് (ജനറല്‍ സെക്രട്ടറി), ഫ്രാന്‍സിസ് ആന്റണി(വൈസ് പ്രസിഡന്റ്) ഷെരീഫ്, സി. മുരുകദാസ് (സെക്രട്ടറിമാർ) വി.കെ. സുകുമാരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.