രഞ്ജിത് ശ്രീനിവാസൻ വധക്കേസിലുൾപ്പെട്ട പഞ്ചായത്തംഗത്തെ അയോഗ്യനാക്കി
1417771
Sunday, April 21, 2024 5:12 AM IST
അമ്പലപ്പുഴ: അഡ്വ. രഞ്ജിത് ശ്രീനിവാസൻ വധക്കേസിലുൾപ്പെട്ട പഞ്ചായത്തംഗത്തെ അയോഗ്യനാക്കി. പുന്നപ്ര തെക്ക് പഞ്ചായത്ത് 12-ാം വാർഡംഗം എസ്ഡിപിഐയിലെ സുൾഫിക്കറിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയത്.
രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് സിം കാർഡ് എടുത്തു നൽകിയെന്ന കുറ്റമാണ് ഇയാൾക്കെതിരേ ചുമത്തിയിരുന്നത്. പിന്നീട് കേസിൽ ജയിൽ ശിക്ഷയനുഭവിച്ചതിനെത്തുടർന്ന് തുടർച്ചയായി മൂന്നു പഞ്ചായത്ത് കമ്മിറ്റികളിൽ എത്താൻ കഴിയാതെ വന്നതോടെ ഈ വിവരം പഞ്ചായത്ത് സെക്രട്ടറി തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് കൺട്രോളർ, ജില്ലാ കളക്ടർ എന്നിവരെ 2022ൽ അറിയിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തെ അയോഗ്യനാക്കിയെങ്കിലും സുൾഫിക്കർ ഇതിനെതിരേ പരാതി നൽകിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിരുന്നു.
പിന്നീട് പഞ്ചായത്ത് കമ്മിറ്റികളിൽ സുൾഫിക്കർ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനിടയിലാണ് വീണ്ടും സുൾഫിക്കറിനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. ഇതോടെ ഈ വാർഡിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയിരിക്കുകയാണ്.