വിവാഹാലോചനയില്നിന്നു പിന്മാറിയതിന് വീടുകയറി അഞ്ചുപേരെ വെട്ടിയ പ്രതി അറസ്റ്റിൽ
1417768
Sunday, April 21, 2024 5:12 AM IST
മാന്നാർ: വിവാഹ വാഗ്ദാനം നിരസിച്ച യുവതിയുൾപ്പെടെ അഞ്ചുപേരെ വെട്ടിപ്പരിക്കേല്പിച്ച യുവാവിനെ പോലീസ് പിടികൂടി. ചെന്നിത്തല കാരാഴ്മയിൽ വീടുകയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെയാണ് വെട്ടി പരിക്കേൽപ്പിച്ചത്.
കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48), ഭാര്യ നിർമല (55), മകൻ സുജിത്ത് (33), മകൾ സജിന (24), റാഷുദീന്റെ സഹോദരീ ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെ (വാസു-32) മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസംരാത്രി 11 നാണ് സംഭവം.
കുവൈറ്റിൽ നഴ്സും വിധവയുമായ സജിനയെ രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ, സ്വഭാവദൂഷ്യമുള്ളതിനാൽ സജിന രഞ്ജിത്തിനെ വിവാഹം ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് പ്രതിയെ ആക്രമണത്തിനു പ്രേരിപ്പിച്ചത്.
ചെങ്ങന്നൂർ ഡിവൈഎസ്പി രാജേഷിന്റെ നിർദേശപ്രകാരം മാന്നാർ പോലീസ് ഇൻസ്പെക്ടർ ബി. രാജേന്ദ്രൻപിള്ള, എസ്ഐ സിദ്ധീഖ്, ഗ്രേഡ് എസ്ഐ വിജയകുമാർ, സിപിഒ ഹരിപ്രസാദ്, ഹോം ഗാർഡ് രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റാഷുദീനെയും മകൾ സജിനയെയും കോട്ടയം മെഡിക്കൽ കോളജിലും പരിക്കേറ്റ നിർമല, സുജിത്, ബിനു എന്നിവരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.