അണ്ണനും തമ്പിയും രാജ്യം കുട്ടിച്ചോറാക്കി: പ്രതിപക്ഷ നേതാവ്
1417462
Friday, April 19, 2024 11:54 PM IST
ചേർത്തല: അണ്ണനും തമ്പിയും ചേർന്ന് ഇന്ത്യാരാജ്യം കുട്ടിച്ചോറാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലപ്പുഴ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചേർത്തല നഗരസഭയ്ക്ക് സമീപം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയുടെ ഗാരന്റി വാക്കും പഴയചാക്കാണ്. ആദ്യത്തെ ഗാരന്റി ഇന്ധന വിലയായിരുന്നു. അത് ആദ്യംതന്നെ പാളി. രണ്ടാമത്തെ ഗാരന്റി തൊഴിലില്ലായ്മ. കഴിഞ്ഞ അഞ്ചു വർഷമാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നേരിടേണ്ടിവന്നത്. മോദിയും പിണറായിയും അണ്ണനും തമ്പിയുമാണ്.
ആറര വർഷമായി പിണറായി വിജയനെതിരേയുള്ള ലാവലിൻ കേസ് സുപ്രീം കോടതിയിൽ പെന്റിംഗിലാണ്. ലാവലിൻ കേസ് 60 പ്രാവശ്യമാണ് മാറ്റിവച്ചത്. കൊടകര കുഴൽപ്പണകേസ് കേരള പോലീസ് അന്വേഷിച്ചെങ്കിലും ഒരു ബിജെപിക്കാരനും പ്രതിയല്ല. ശബ്ദിക്കുന്നതെല്ലാം രാഹുൽ ഗാന്ധിക്കെതിരേയാണ്. ഇത് ആരെ സന്തോഷിപ്പിക്കാനാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി. സുബ്രഹ്മണ്യദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ, ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്, ഡി. സുഗതൻ, എസ്. ശരത്, എ.എ. ഷുക്കൂർ, ബി. രാജശേഖരൻ നായർ, ഐസക് മാടവന, കെ.സി. ആന്റണി എന്നിവർ പ്രസംഗിച്ചു.