തകഴി റെയില്‍വേ മേല്‍പ്പാലനിര്‍മാണം : കുരുക്കില്‍ നട്ടംതിരിഞ്ഞ് നാട്ടുകാർ
1416989
Thursday, April 18, 2024 12:03 AM IST
എടത്വ: ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുന്ന അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ തകഴി റെയില്‍വേ ക്രോസ് അടഞ്ഞാല്‍ അത്യാസന്ന നിലയിലെത്തുന്ന രോഗികളുമായി കാത്തുകെട്ടി കിടക്കണം. റെയില്‍വേ അധികൃതരും ജനപ്രതിനിധികളും മാറിമാറി ഉറപ്പു നല്കുമ്പോഴും മേല്‍പ്പാല നിര്‍മാണം ചുവപ്പുനാടയില്‍. എസി റോഡിന്റെ നവീകരണത്തെ ത്തുടര്‍ന്ന് തിരക്ക് വര്‍ധിച്ച അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെ തകഴി റെയില്‍വേ ക്രോസിലാണ് ഈ ദുര്‍ഗതി.
കോട്ടയം, ചങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട, അപ്പര്‍-ലോവര്‍ കുട്ടനാട്ടിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന പാതയിലാണ് ട്രയിന്‍ കടന്നുപോകുന്ന വരെ കാത്തുകെട്ടി കിടക്കേണ്ടത്. ഹൃദ്രോഗികളും അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്ക് ഏല്ക്കുന്നവരെയും വണ്ടാനം മെഡിക്കല്‍ കോളജില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കോ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ മാറ്റണമെങ്കില്‍ രോഗികള്‍ ഏറെ ആശ്രയിക്കുന്ന പാതയാണിത്.
കോട്ടയം, തിരുവല്ല ഭാഗത്തുനിന്ന് രോഗികളെ തിരികെ വണ്ടാനം ആശുപത്രിയില്‍ എത്തിക്കുന്നതിനും ഈ പാതയാണ് ആശ്രയിക്കുന്നത്.
ക്രോസിംഗില്‍
ആംബുലന്‍സുകൾ
തകഴി പാളം ഇരട്ടിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കി ട്രയിന്‍ ഓടിത്തുടങ്ങിയതോടെ നിരവധി യാത്രാ-ചരക്ക് ട്രെയിനുകള്‍ ഈ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. ഹരിപ്പാട് ഭാഗത്തുനിന്നുള്ള ട്രെയിന്‍ പോയാലും അമ്പലപ്പുഴ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്ന ട്രെയിന്‍ കൂടി പോയാല്‍ മാത്രമാണ് ഗേറ്റ് തുറക്കുന്നത്. ട്രയിന്‍ കടന്നുപോകാന്‍ മണിക്കൂറുകള്‍ ഇടവിട്ട് ഗേറ്റ് അടയ്ക്കുന്നതോടെ രോഗികളുമായി എത്തുന്ന നിരവധി ആംബുലന്‍സാണ് ക്രോസിംഗില്‍ കുടുങ്ങിക്കിടക്കുന്നത്.
അടിയന്തരഘട്ടത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ ജീവന് നഷ്ടപ്പെട്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഏറെ നേരം തകഴി റെയില്‍വേ ക്രോസിംഗില്‍ ചെലവഴിക്കേണ്ട അവസ്ഥയുണ്ട്. മിക്ക മാസങ്ങളിലും അറ്റകുറ്റപ്പണിക്കായി നിരവധി ദിവസങ്ങള്‍ ഗേറ്റ് അടച്ചിടും. അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന സംസ്ഥാനപാതയില്‍ ഇതോടെ ഗതാഗതക്കുരുക്ക് രൂപപ്പെടും. ക്രോസിംഗ് അടഞ്ഞാല്‍ ഇടറൂട്ടിനു പോലും സാധ്യമല്ലാത്ത തകഴിയില്‍ ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ചെലവിന്റെ പകുതി വീതം
തകഴിയില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തു വന്നിരുന്നു. ഇതേത്തുടര്‍ന്ന് മേല്‍പാലം നിര്‍മിക്കാൻ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും നിര്‍മാണ ചെലവിന്റെ പകുതി വീതം റെയില്‍വേയും സംസ്ഥാന സര്‍ക്കാരും വഹിക്കുന്ന രീതിയിലാണ് പദ്ധതി. മേല്‍പാലത്തിനായി 35.94 കോടി രൂപയാണ് കണക്കാക്കിയിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് റെയില്‍വേയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും ധാരണപത്രത്തില്‍ ഒപ്പിട്ടെങ്കിലും നിര്‍മാണം ആരംഭിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തകഴി മേല്‍പ്പാല നിര്‍മാണം ആരംഭിക്കുമെന്ന് പ്രത്യാശയിലാണ് യാത്രക്കാര്‍.
തകഴി റെയിവേ ക്രോസിലെ ഗതാഗതതടസം ശാശ്വതമായി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് മേല്‍പ്പാലം സംമ്പാദക സമിതി ആവശ്യപ്പെട്ടു.