അരാശുപുരം സെന്റ് ജോര്‍ജ് പള്ളിയില്‍ തിരുനാള്‍ 17 മുതല്‍
1416547
Monday, April 15, 2024 11:52 PM IST
ചേർത്തല: അരാശുപുരം സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാളിനു 17ന് കൊടിയേറും. 21വരെ തുടരുന്ന തിരുനാളിൽ പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, കൊല്ലം എമിരറ്റസ് ബിഷപ് ഡോ. സ്റ്റാൻലി റോമൻ എന്നിവർ മുഖ്യകാർമികരാകും. ആർച്ച്ബിഷപ് ഡോ. ജോസഫ് കുരീത്തറയുടെ ചരമവാർഷികത്തിന്റെ 25-ാമത് പാവനസ്മരണയ്ക്കുമുന്നിൽ ആദരമർപ്പിച്ചു നടത്തുന്ന തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി വീട് നിർമിച്ചുനൽകുന്നതുൾപ്പെടെ ജനക്ഷേമപ്രവർത്തനങ്ങളും നടക്കും.
ആഘോഷത്തിനു മുന്നോടിയായി 16നു രാവിലെ 10ന് ഇടവകയിൽനിന്ന് മരിച്ചവർക്കുവേണ്ടി ദിവ്യബലി, പ്രത്യേക പ്രാർഥനാശുശ്രൂഷ എന്നിവയുണ്ടാകും. തിരുനാൾ ദിനങ്ങളിൽ ജപമാല, നൊവേന, ലുത്തിനിയ, വിശുദ്ധ കുർബാനയുടെ ആശീർവാദം, പ്രദക്ഷിണം, 20ന് ഭജനയിരിക്കൽ, ജാഗരണപ്രാർഥന എന്നിവയുണ്ടാകും.
17ന് വൈകുന്നേരം ആറിന് കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശേരി തിരുനാളിനു കൊടിയേറ്റും. ഡോ. അഗസ്റ്റിൻ മുള്ളൂർ മുഖ്യകാർമികനാകും. ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിൽ പ്രസംഗിക്കും. 18നു രാവിലെ ഏഴിന് ഇലക്തോർമാർക്കുവേണ്ടി കുർബാന നടക്കും. തുടർന്ന് പുതിയ പ്രസുദേന്തിമാരെ തെരഞ്ഞെടുക്കും. വൈകുന്നേരം ആറിന് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ മുഖ്യകാർമികനാകും.
19നു വൈകുന്നേരം ആറിന് ഡോ. അംബ്രോസ് പുത്തൻവീട്ടിലാണ് മുഖ്യകാർമികൻ. ഫാ. ഡയസ് ആന്റണി വചനപ്രഘോഷണം നടത്തും. 20നു വൈകുന്നേരം 4.30ന് തിരുനാൾ തിരുക്കർമങ്ങൾക്കു തുടക്കമാകും. ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികനാകും. തിരുനാൾ ദിനമായ 21നു രാവിലെ 6.30നു ദിവ്യബലി. 7.30 മുതൽ തൃപാസം എഴുന്നെള്ളിപ്പ്. മൂന്നിന് കരുണക്കൊന്ത. വൈകുന്നേരം 4.30നു സമൂഹദിവ്യബലിക്ക് ബിഷപ് ഡോ. സ്റ്റാൻലി റോമൻ നേതൃത്വം നൽകും. ഫാ. ബിനോയ് ലീൻ വചനപ്രഘോഷണം നടത്തും. എട്ടാമിടമായ 28നു രാവിലെ പത്തിന് ഫാ. ജോസഫ് പഴമ്പിള്ളിയുടെ നേതൃത്വത്തിൽ കർമങ്ങൾ ആരംഭിക്കും. ഫാ. കപ്പിസ്റ്റാൻ ലോപ്പസ് വചനപ്രഘോഷകനാകും. തുടർന്ന് കൊടിയിറക്കം.