പൗരത്വ ഭേദഗതി നിയമത്തിനെതിരേ പോരാട്ടം നയിക്കുന്നത് കോണ്‍ഗ്രസ്: ഇമ്രാന് പ്രതാപ് ഗാര്‍ഹി
1416539
Monday, April 15, 2024 11:52 PM IST
ആലപ്പുഴ: രാജ്യത്ത് പൗരത്വഭേദഗതി നിയമത്തിനെതിരേ പോരാട്ടം നയിക്കുന്നത് കോണ്‍ഗ്രസാണെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ ന്യുനപക്ഷ ചെയര്‍മാനും പാര്‍ലമെന്റ് രാജ്യസഭാംഗവും ഉത്തര്‍പ്രദേശില്‍നിന്നുള്ള ഇന്ത്യന്‍ ഉറുദു ഭാഷാ കവിയുമായ ഇമ്രാന് പ്രതാപ് ഗാര്‍ഹി. ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അരൂര്‍ അരൂകുറ്റിയില്‍ നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പലരും പൗരത്വഭേദഗതി നിയമത്തിനെതിരേ പോരാടുന്നതിന് വോട്ട് നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
അവരോട് നിങ്ങള്‍ പറയണം രാജ്യത്ത് പൗരത്വ നിയമത്തിനെതിരേ പോരാടുന്നത് കോണ്‍ഗ്രസ് ആണെന്ന്. സിഎഎക്കെതിരേ കോണ്‍ഗ്രസ് പോരാട്ടം നയിക്കുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 63 ഇടങ്ങളില്‍ സിഎ എ വിരുദ്ധ സമരങ്ങള്‍ക്ക് ഞാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് കോണ്‍ഗ്രസ് ചിത്രത്തില്‍ ഇല്ലെന്ന് പറയാന്‍ കഴിയുകയെന്നും ഇമ്രാന് ചോദിച്ചു.
മൈനോരിറ്റി സെല്‍ ദേശീയ വൈസ് ചെയര്മാന് ഇഖ്ബാല്‍ വലിയവീട്ടില്‍ സംസ്ഥാന ചെയര്മാന് ഷിഹാബുദ്ദീന്, ദേശീയ കോ-ഓർഡിനേറ്റര്‍ ഹെൻറി ഓസ്റ്റിന്‍, ഡിസിസി ജനറല്‍ സെക്രട്ടറി തുറവൂര്‍ ദേവരാജന്‍, അരൂകുറ്റി മണ്ഡലം യുഡിഎഫ് ചെയര്മാന് എ.എസ്. ഈസ, കെപിസി സി ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്, മുസ്ലിം ലീഗ് അരൂകുറ്റി മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍, സ്റ്റാര്‍ ക്യാമ്പയിനേഴ്സ് ജില്ലാ കോ-ഓർഡിനേറ്റര്‍മാരായ റീഗോ രാജു, അമ്പു വൈദ്യന്, ടോം ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.