പാടത്ത് കൂട്ടിയിട്ട നെല്ല് സാമൂഹ്യവിരുദ്ധർ വെള്ളം കയറ്റി മുക്കി
1416329
Sunday, April 14, 2024 5:01 AM IST
എടത്വ: കൊയ്ത്ത് കഴിഞ്ഞ പാടത്ത് കൂട്ടിയിട്ട നെല്ല് സാമൂഹിക വിരുദ്ധർ തൂമ്പു തുറന്നുവിട്ട് വെള്ളം കയറ്റി മുക്കി. എടത്വ കൃഷിഭവൻ പരിധിയിൽ വരുന്ന എടത്വ നെടുമ്മാലി പാടത്ത് കൂട്ടിയിട്ട നെല്ലാണ് തൂമ്പു തുറന്നുവിട്ട് വെള്ളം കയറ്റി മുക്കിയത്.
കർഷകരായ പഴമാലി ബിന്നി, പറത്തറ ജോസി എന്നിവരുടെ നെല്ലാണ് വെള്ളത്തിലായത്. വെള്ളിയാഴ്ച കൊയ്ത്ത് കഴിഞ്ഞ് കൂട്ടിയിട്ട് മടങ്ങിയ കർഷകർ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് നെല്ല് വെള്ളത്തിൽ മുങ്ങിയതായി ശ്രദ്ധയിൽപ്പെട്ടത്. കൂട്ടിയിട്ട നെല്ലിന്റെ അടിഭാഗം പൂർണമായി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. വെള്ളം കയറിയതോടെ സംഭരണവും തടസപ്പെട്ടു. കർഷകർ കൃഷി ഓഫീസറെ വിവരം ധരിപ്പിക്കുകയും പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയുമാണ്.
കഴിഞ്ഞദിവസം സമാനസംഭവം തലവടി കൃഷിഭവൻ പരിധിയിലെ ആനകിടാവിരുത്തി പാടത്ത് സംഭവിച്ചിരുന്നു. വിളവെടുപ്പ് നടക്കാനിരുന്ന ദിവസമാണ് തൂമ്പ് തുറന്ന് വെള്ളം കയറ്റി മുക്കിയത്. ഇതിനെതിരേ കർഷകനായ തലവടി ആനപ്രമ്പാൽ അഞ്ചിൽ പോൾ മാത്യു എടത്വ പോലീസിൽ പരാതി നൽകിരുന്നു.