പു​ളി​ങ്കു​ന്ന് പു​ത്ത​ന്‍​തോ​ട് പാ​ലം നിർമാണം വൈകുന്നു
Sunday, April 14, 2024 5:00 AM IST
മ​ങ്കൊ​മ്പ്: പു​ളി​ങ്കു​ന്ന് പു​ത്ത​ന്‍​തോ​ടി​നു കു​റു​കെ നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍ മാ​സ​ങ്ങ​ളാ​യി നി​ല​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ് വാ​ര്‍​ഡു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു സ​മീ​പ​ത്തെ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍ മു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ളെ​ത്തു​ട​ര്‍​ന്ന് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും പാ​തി​വ​ഴി​യി​ല്‍ മു​ട​ങ്ങു​ക​യാ​യി​രു​ന്നു. പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി തോ​ടി​നു കു​റു​കെ ബ​ണ്ടു നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍ ഏ​റെ നാ​ളാ​യി ദു​രി​ത​ത്തി​ലാ​ണ്. ഇ​തോ​ടെ നീ​രൊ​ഴു​ക്കു നി​ല​ച്ച തോ​ട്ടി​ലെ ജ​ലം മ​ലി​ന​മാ​യി. പു​ഞ്ച​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പു സ​മ​യ​മാ​യ​തി​നാ​ല്‍ ഗ​താ​ഗ​തത​ട​സ​വും നാ​ട്ടു​കാ​രെ വ​ല​യ്ക്കു​ന്നു. നീ​രൊ​ഴു​ക്കു നി​ല​ച്ച തോ​ട്ടി​ല്‍ പോ​ള​യും ക​ട​ക​ലും നി​റ​ഞ്ഞു. മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ള​ത്തി​ല്‍ കാ​ല്‍​ക​ഴു​കാ​ന്‍ പോ​ലും പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പ്ര​ദേ​ശ​ത്തു സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ളും പ​ട​രു​ന്നു​ണ്ടെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പാ​ലം പ​ണി​ക​ള്‍ നി​ല​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ന്‍റെയും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​നാ​സ്ഥ​യാ​ണ് നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍ വൈ​കി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത​് അധി​കൃ​ത​രു​ടെ വാ​ദം. ഇ​തി​നെ​തി​രേ ജ​ല​സേ​ച​നമ​ന്ത്രി, ഇ​റി​ഗേ​ഷ​ന്‍ ചീ​ഫ് എ​ന്‍​ജി​നിയ​ര്‍, ചീ​ഫ് ടെ​ക്നി​ക്ക​ല്‍ എ​ക്സാ​മി​ന​ര്‍, ചെ​റു​കി​ട ജ​ല​സേ​ച​ന​വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ എ​ന്നി​വ​ര്‍​ക്കു രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, പ​രാ​തി​യി​ലും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​വും മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ ത​ങ്ക​ച്ച​ന്‍ വാ​ഴ​ച്ചി​റ, സെ​ക്ര​ട്ട​റി ആ​ഷ്‌ലി നാ​യ​ര്‍ എ​ന്നി​വ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജ​ല​വി​ഭ​വ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍, ക​രാ​റു​കാ​ര​ന്‍ എ​ന്നി​വ​രെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി​യാ​ണ് ഹ​ര്‍​ജി. 2022 ജ​നു​വ​രി​യി​ലാ​ണ് നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര സ​മ​ര​ങ്ങ​ളെ തു​ട​ര്‍​ന്ന പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി 3.33 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.

വെ​ളി​യ​നാ​ട്, കാ​വാ​ലം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക​ട​ക്കം പു​ളി​ങ്കു​ന്നി​ലേ​ക്കും അ​വി​ടു​ന്ന് സ​മീ​പ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​മെ​ല്ലാം എ​ത്താ​നു​ള്ള മാ​ര്‍​ഗ​മാ​യി​രു​ന്നു ഈ ​പാ​ലം.
ക​ര്‍​ഷ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രിയിലേ​ക്കെ​ത്തു​ന്ന രോ​ഗി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പാ​ല​ത്തെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ കൂ​ടി ക​ട​ന്നു​പോ​കു​ന്ന ത​ര​ത്തി​ലാ​ണ് പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​ത്.