മൊബൈൽ ഷോപ്പിൽ ജീവനക്കാരെ തോക്കുചൂണ്ടി ആക്രമിച്ച വിമുക്തഭടൻ അറസ്റ്റിൽ
1415848
Thursday, April 11, 2024 11:20 PM IST
ചാരുംമൂട്: മൊബൈൽ ഫോൺ ഷോപ്പിൽ കയറി ജീവനക്കാരെ ആക്രമിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത വിമുക്തഭടനെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പത്തിയൂർ, എരുവ പടിഞ്ഞാറ്, കളീക്കൽ വീട്ടിൽ ശിവകുമാർ എസ് . (47) നെയാണ് നൂറനാട് പോലീസ് ഇൻസ്പെക്ടർ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ നന്നാക്കാൻ ചാരുംമൂട്ടിലെ ഷിഹറാസ് ഖാന്റെ ഉടമസ്ഥതയിലുള്ള സൈറ മൊബൈൽ ഷോപ്പിൽ എത്തിയ ഇയാൾ കടയിലെ വനിതാ ജീവനക്കാരി ജ്വാലയോട് വാക്ക്തർക്കമുണ്ടാക്കുകയും അസഭ്യം പറഞ്ഞ് ബാഗിൽ നിന്നു തോക്ക് എടുത്ത് ജീവനക്കാരെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആൾക്കാർ ബഹളം കേട്ട് കടയിലേക്ക് വന്നതോടെ ഇയാൾ കാറിൽ കയറി കടന്നു കളഞ്ഞു. കടയിലെ സിസിടിവി ദൃശ്യം ഉൾപ്പടെ കടയുടമ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ചെങ്ങന്നൂർ ഡി വൈ എസ് പി കെ എൻ രാജേഷിന്റെ നിർദ്ദേശ പ്രകാരം നൂറനാട് പോലീസ് ഇൻസ്പക്ടറുടെ നേതൃത്വത്തിൽ പോലീസ് പ്രതി വന്ന വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കായംകുളം രണ്ടാംകുറ്റി ഭാഗത്ത്പ്രതിയെ വാഹനം സഹിതം കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽനിന്നു തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു. വിമുക്തഭടനായ ഇയാൾ സ്വകാര്യ സെക്യൂരിറ്റി സർവീസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്.
ജോലി ആവശ്യത്തിനായി ഉപയോഗിക്കുന്ന തോക്കിന് ലൈസൻസ് ഉള്ളതാണ്. ലൈസൻസ് രേഖകളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കും. പ്രതിയുടെ ആയുധ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ,ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.