എടത്വ ടൗണില്‍ നെല്‍കര്‍ഷക പ്രതിഷേധ സംഗമം
1396694
Friday, March 1, 2024 11:19 PM IST
എടത്വ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതി എടത്വ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്‍കര്‍ഷക പ്രതിഷേധ സംഗമം നടന്നു. എടത്വ ടൗണില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ കുട്ടനാട്ടിലെ നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്തു.
നെല്ല് സംഭരണത്തില്‍ അശാസ്ത്രീയമായി ഏര്‍പ്പെടുത്തിയ സംഭരണ പരിധി എടുത്തുകളയുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ധിപ്പിച്ച നെല്‍വിലയായ 31.35 രൂപ ലഭ്യമാക്കുക, ജില്ലാ ഭരണകൂടം അടിയന്തരമായി കൊയ്ത്ത് അവലോകനയോഗം വിളിച്ചു ചേര്‍ക്കുക, കൊയ്ത്ത് മെഷീന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുക, കിഴിവ് സമ്പ്രദായം അവസാനിപ്പിക്കുക, ഹാൻഡ്ലിംഗ് ചാര്‍ജ് സര്‍ക്കാര്‍ നല്‍കുക, ദില്ലി ചലോ സമരത്തില്‍ കര്‍ഷകര്‍ ഉയര്‍ത്തുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.
മുന്‍ സിഎസ്ഐ മോഡറേറ്റര്‍ ബിഷപ് ഡോ. തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് കാഞ്ഞിരം അധ്യക്ഷത വഹിച്ചു.
എടത്വ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ആമുഖപ്രഭാഷണവും പനയന്നൂര്‍കാവ് മുഖ്യ കാര്യദര്‍ശി ആനന്ദന് നമ്പൂതിരി മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു.
സമിതി കോ ഓർഡിനേറ്റര്‍ റോയ് ഊരാംവേലില്, സുരേഷ് കുമാര്‍, കറിയാച്ചന് ചേന്ദംകര, സാം ഈപ്പന്, സോണിച്ചന്‍ പുളിങ്കുന്ന്, പി.ആര്. സതീശന് തുടങ്ങിയവര്‍ പ്രസംഗിച്ചു.