തീപിടിത്തം, അഗ്നിശമനസേന നെട്ടോട്ടത്തിൽ
1396469
Thursday, February 29, 2024 11:26 PM IST
മാന്നാർ: കാട് വളർന്നുകിടക്കുന്ന തരിശ് സ്ഥലങ്ങളിൽ തീ പടരുന്നത് ഫയർഫോഴ്സിന് തലവേദനയാകുന്നു. വറുതിയുടെ കാഠിന്യം ഏറിയതോടെ പറമ്പുകളിലെയും പാടങ്ങളിലേക്കും കാടുകൾ ഉണങ്ങിത്തുടങ്ങി. ചെറിയ തീപ്പൊരി പോലും മൊത്തത്തിൽ കത്തിയമരാൻ ഇടവരുത്തും. വേനൽച്ചൂട് കടുത്തതോടെ ഇത്തരം തീപിടിത്തം നിത്യസംഭവമായിരിക്കുകയാണ്.
ഇന്നലെ മാന്നാർ കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിൽ നലെകാട്ടിൽ ക്ഷേത്രത്തിനു സമീപം ഉണങ്ങിയ പുല്ലിനു തീപിടിച്ചു.
ക്ഷേത്രത്തിനു സമീപമുള്ള രണ്ടേക്കർ വസ്തുവിലാണ് തീപിടിത്തം ഉണ്ടായത്.
പരിസരവാസികൾ കണ്ടതിനെതുടർന്ന് ചെങ്ങന്നൂർ ഫയർഫോഴ്സ് എത്തി തീയണച്ചു. തുടക്കത്തിലെ കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി.
സമീപത്തെ വീടുകൾക്കു പോലും അപകടമാകുന്ന രീതിയിൽ കാടുകൾ വളർന്നുനിന്നിട്ടും വെട്ടിത്തെളിക്കാത്തതാണ് തീ പടരാൻ കാരണമാകുന്നത്.