കനാല്‍വെള്ളം എത്തിയില്ല, കൃഷിയിടങ്ങള്‍ കരിയുന്നു
1396224
Thursday, February 29, 2024 1:55 AM IST
പ്രമാടം: വേനലിന്റെ കാഠിന്യത്തില്‍ പാടശേഖരങ്ങളും കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിയിട്ടും കെഐപി കനാലിലൂടെ വെള്ളം എത്തിയില്ല. കല്ലട ജലസേചന പദ്ധതിയുടെ കനാലുകളാണ് തുറക്കാത്തത്. അധികൃതരുടെ നിലപാടിനെതിരേ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ കര്‍ഷകര്‍. വേനലിന്റെ തുടക്കം തന്നെ പഞ്ചായത്തുകളും പാടശേഖര സമിതികളും കെഐപി അധികൃതര്‍ക്കു കനാല്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.
എന്നാൽ, ഒരു മാസമായിട്ടും ഇരുപഞ്ചായത്തുകളിലും വെള്ളം എത്തിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. കനാല്‍ തുറന്നുവിട്ടിട്ടുണ്ടെന്നു കെഐപി അധികൃതര്‍ പറയുന്നുണ്ടെങ്കിലും പ്രമാടത്തും വള്ളിക്കോട്ടും ഒരുതുള്ളി വെള്ളം പോലും എത്തിയിട്ടില്ല. ഇതേ തുടര്‍ന്ന് നെല്‍പ്പാടങ്ങള്‍ ഉള്‍പ്പെടെ ഏക്കറുക്കണക്കിനു സ്ഥലത്തെ കൃഷിയാണ് നശിക്കുന്നത്. ജനപ്രതിനിധികളെയും പൊതുജനങ്ങളെയും സംഘടിപ്പിച്ച് കെഐപിയുടെ അടൂര്‍ ഓഫീസില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
കുടിവെള്ളക്ഷാമവും രൂക്ഷം
തടസം ഇല്ലാതെ വെള്ളം എത്തിക്കുന്നതിനുവേണ്ടി കാടുമൂടി കിടന്ന കനാല്‍ ഭാഗങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ആഴ്ചകള്‍ക്കുമുമ്പ് തന്നെ വൃത്തിയാക്കിയിരുന്നു. കനാല്‍ വഴി വെള്ളം എത്താതായതോടെ പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമവും രൂക്ഷമായിട്ടുണ്ട്.
ചെറുകിട പദ്ധതികളിലേക്കും വരള്‍ച്ചക്കാലത്ത് വെള്ളം കിട്ടണമെങ്കില്‍ കെഐപി കനാല്‍ തുറന്നുവിടേണ്ടതുണ്ട്. കോന്നി ഡിസ്ട്രിബ്യൂഷറിയുടെ ഭാഗമാണ് പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകള്‍. കരിങ്കുടുക്ക മുതല്‍ വി-കോട്ടയം വരെയാണ് കെഐപി കനാല്‍ പ്രമാടം പഞ്ചായത്തിലൂടെ കടന്നുപോകുന്നത്. വള്ളിക്കോട്, തുമ്പമണ്‍ ഭാഗങ്ങളിലേക്കാണ് പിന്നീട് കനാല്‍ നീങ്ങുന്നത്.