മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട് തീരദേശ ജനത
1377102
Saturday, December 9, 2023 11:23 PM IST
തുറവൂർ: ലോക മനുഷ്യാവകാശ ദിനം ഇന്ന് ആചരിക്കുമ്പോൾ ജീവിക്കാനുള്ള അവകാശങ്ങൾ പൂർണമായി നിഷേധിക്കപ്പെട്ട തീരദേശ ജനതയുടെ ജീവിതം തന്നെ വഴിമുട്ടി നിൽക്കുകയാണ്. തീരപരിപാലന നിയമം, തീരദേശ ഹൈവേ വികസനവും, കടലാക്രമണവും, തീരചോഷണവും എല്ലാം കൊണ്ടുതന്നെ തിരദേശത്തെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾ ഞങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ കടലിന്റെ മുന്നിൽ പകച്ചുനിൽക്കുകയാണ്.
തീരപരിപാലന നിയമം മൂലം തീരദേശത്തെ ആയിരക്കണക്കിന് വീടുകളാണ് നമ്പറുകൾ ലഭിക്കാതെ ഇപ്പോഴും കഷ്ടപ്പെടുന്നത്. നമ്പരുകൾ ലഭിച്ചാൽത്തന്നെ അത് യുഎ നമ്പരും വൻ നികുതിയുമാണ് കൊടുക്കേണ്ടത്. കൂടാതെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു തുണ്ട് ഭൂമിയിൽ ഒരു കിടപ്പാടം പോലും നിർമിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
കേന്ദ്രസർക്കാർ തീരപരിപാലന നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ നടപടിയെടുക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ നൽകാത്തതും വിജ്ഞാപനമിറക്കത്തും തീരദേശ ജനതയുടെ മനുഷ്യാവകാശങ്ങളിൽമേലുള്ള സർക്കാരുകളുടെ നിഷേധാത്മക നിലപാടാണ് വെളിവാക്കുന്നത്. കടൽക്ഷോഭവും തീരചോഷണവും പ്രകൃതിക്ഷോഭവും മൂലം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ആയിരക്കണക്കിന് ഭവനങ്ങൾ നഷ്ടപ്പെട്ടുകഴിഞ്ഞു.
പ്രകൃതിക്ഷോഭങ്ങളിൽ ഭവനങ്ങൾ നഷ്ടപ്പെട്ടപ്പോഴും അതിന്റെ മറവിൽ തീരദേശ ജനതയെ തീരത്തുനിന്ന് കുടിയെഴിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ചില മേഖലകളിൽ ശക്തമായ സമരത്തെത്തുടർന്ന് പുനരധിവാസം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ആശ്വാസം എത്താത്ത നിരവധി കുടുംബങ്ങളാണുള്ളത് .
ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കടൽഭിത്തി തകർന്നതുമൂലം ശക്തമായ കടലാക്രമണ ഭീഷണി നേരിടുന്ന നിരവധി കുടുംബങ്ങളാണുള്ളത്. കൂടാതെ പ്രകൃതിക്ഷോഭങ്ങളിൽ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടാൽ നിലവിൽ ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. കൂടാതെ മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടാലും അവകാശങ്ങൾ നേടിയെടുക്കാൻ ഓഫീസുകൾ കയറിയിറങ്ങേണ്ട ഗതികേടാണ് മത്സ്യത്തൊഴിലാളികൾക്കുള്ളത്.
മത്സ്യതൊഴിലാളികളുടെ പഠിക്കുന്നമക്കൾക്കുള്ള സ്കോളർഷിപ്പുകൾക്കായുള്ള അവസരങ്ങളും നിഷേധിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. തീരദേശത്തെ ജനങ്ങളുടെ നെഞ്ചിൽ മറ്റൊരു തീക്കനലായി മാറിയിരിക്കുകയാണ് പിങ്ക് കുറ്റികൾ. തീരദേശ പാതയുടെ വികസനത്തിനായി സ്ഥാപിച്ചിരിക്കുന്ന പിങ്കുകുറ്റികളാണ് തീരദേശ ജനതയ്ക്കു ഭാരമായി മാറിയിരിക്കുന്നത്.
സ്വകാര്യ ഏജൻസി സർക്കാർ നൽകിയ മാപ്പ് അനുസരിച്ച് തീരദേശത്ത് റോഡ് വികസനത്തിനായി പിങ്ക് കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. കുറ്റികൾ സ്ഥാപിച്ചതിനുശേഷം ചില ഉദ്യോഗസ്ഥർ വന്ന് റോഡിന് സ്ഥലം വിട്ടുകൊടുക്കുന്നവരുടെ മേൽവിലാസവും സർവേേ നമ്പരും ഏറ്റെടുക്കുന്ന സ്ഥലത്ത് നിലവിലുള്ള കെട്ടിടത്തിന്റെ മറ്റു വിശദവിവരങ്ങളും രേഖരിച്ചു പോയതല്ലാതെ പിന്നീട് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
സ്ഥലമെടുപ്പ് സംബന്ധിച്ച് യാതൊരുവിധ നിർദ്ദേശങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതും തീരദേശ ജനതയുടെ ഉറക്കം കെടുത്തുന്നു. വീടിന്റെയുള്ളിലും മുറ്റത്തും പറമ്പിലും മറ്റും പിങ്ക് കുറ്റികൾ സ്ഥാപിച്ചതോടുകൂടി ഈ ഭൂമിയിൽ ഉടമകൾക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.
ബാങ്കിൽനിന്നു ലോൺ എടുക്കാനോ മറ്റു നിർമാണപ്രവർത്തനങ്ങൾ നടത്താനോ ഉള്ള അനുമതി ലഭിക്കാത്ത അവസ്ഥയാണ്. പല സ്ഥലങ്ങളിലും പുതുതായി നിർമിച്ച പല വീടുകളുടെ മധ്യഭാഗത്തായാണ് പിങ്ക് കുറ്റികൾ സ്ഥാപിച്ചിട്ടുള്ളത്. ഇവരുടെ ജീവിതം ത്രിശങ്കുവിൽ ആയിരിക്കുകയാണ്.
പകരം വീടുവയ്ക്കാനുള്ള സ്ഥലം കണ്ടെത്തുവാനോ പകരം സംവിധാനം എന്തു ചെയ്യണമെന്നറിയാതെ ഈ ജനങ്ങൾ ദുരിതത്തിലാണ. തീരദേശത്ത് കേന്ദ്ര -സംസ്ഥാ സർക്കാരുകൾ മത്സ്യബന്ധനത്തിന് അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും മത്സ്യതൊഴിലാളികളുടെ അവകാശങ്ങൾ പൂർണ്ണമായും ലംഘിക്കുന്ന ഒന്നായി മാറുകയാണ്.
ആദിവാസികളുടെയും മറ്റു പിന്നാക്ക ജനതയുടെയും അവകാശങ്ങൾക്കുവേണ്ടി മനുഷ്യാവകാശ ദിനത്തിൽ ശബ്ദം ഉയരുമ്പോൾ തീരദേശത്തെ ലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കാനും അവ നേടിയെടുക്കാനും ആരും ഇല്ലെന്നു മാത്രമല്ല, ഈ പിന്നക്ക ജനവിഭാഗത്തിനുവേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നും തന്നെ ചെയ്യുന്നില്ല എന്നുള്ളതാണ് തീരദേശ ജനതയുടെ മുഖ്യമായ ആവലാതി.