യുവാക്കളെ കമ്പിവടിക്ക് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
1376288
Wednesday, December 6, 2023 11:01 PM IST
കായംകുളം: യുവാക്കളെ കമ്പിവടി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറാം പ്രതി അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി വടക്ക് മുറിയിൽ തിരുവാറ്റാൽ വീട്ടിൽ ഉണ്ണുണ്ണി എന്നു വിളിക്കുന്ന അഭിലാഷി(18)നെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നിന് രാത്രി 10ന് പുതുപ്പള്ളി പുളിയാണിക്കൽ ജംഗ്ഷനു സമീപം റോഡിൽ ബൈക്കിൽ സഞ്ചരിച്ച പുതുപ്പള്ളി ഗോവിന്ദമുട്ടം സ്വദേശിയായ ജിത്തു ദേവൻ, സുഹൃത്ത് സുനീഷ് എന്നിവരെ പ്രതികൾ തടഞ്ഞു നിർത്തി കമ്പിവടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
ഈ കേസിലെ മൂന്നും അഞ്ചും പ്രതികളായ സഹോദരങ്ങളെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലാകാനുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി കായംകുളം സിഐ മുഹമ്മദ് ഷാഫി അറിയിച്ചു. കായംകുളം എസ്ഐ ശ്രീകുമാർ, പോലീസുകാരായ വിഷ്ണു, അരുൺ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.