തീരദേശ ഹൈവേ ഡിപിആർ പ്രസിദ്ധീകരിക്കണം: വി.എം.സുധീരൻ
1375060
Friday, December 1, 2023 11:51 PM IST
തുറവൂർ: കാസർകോഡ് തലപ്പാടി മുതൽ തിരുവനന്തപുരം കളിയിക്കാവിള വരെ സ്ഥലമെടുപ്പിന് പിങ്ക് കല്ലിട്ട് പോകുന്ന തീരദേശ ഹൈവെയുടെ ഡിപിആർ (ഡീറ്റെയ്ൽഡ് പ്രോജക്റ്റ് റിപ്പോർട്ട് ) അടിയന്തിരമായി ഉടൻ പുറത്ത് വിടണമെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് വി.എം.സുധീരൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മറ്റി കേന്ദ്ര, സംസ്ഥാന ഗവർമെന്റുകൾ മത്സ്യമേഖലയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ നടത്തുന്ന പള്ളിത്തോട് ചാപ്പക്കടവ് മുതൽ കായംകുളം വലിയ അഴിക്കൽ വരെ തീരദേശ കാൽനട പ്രചരണ ജാഥ " തിരയിളക്കം" രണ്ടാം ദിവസത്തെ ജാഥ മാരാരിക്കുളം ജനക്ഷേമം കെ.വി. ജോസി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ.
യോഗത്തിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു ആന്റണി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എസ് ശരത് ,ജാഥ ക്യാപ്റ്റൻ ബിനു പൊന്നൻ, വൈസ് ക്യാപ്റ്റൻമാരായ ജയിംസ് ചിങ്കുതറ, എ.ആർ.കണ്ണൻ, കെ.പി.സി,സി അംഗം കെ.വി.മേഘനാഥൻ, ഇ.വി.രാജു, ചന്ദ്രബാബു, തമ്പി, എ.എസ്.വിശ്വനാഥൻ, ജി.എസ്.സജീവൻ, കെ.എസ്. പവനൻ, എൻ.ഷിനോയി, പി.ബി.പോൾ, എ.ഡി.തോമസ്, മേഴ്സി ജസ്റ്റിൻ, സി.എസ്. പ്രവീൺ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കെപിസിസി സെക്രട്ടറി എ.എ. ഷുക്കൂർ ആലപ്പുഴ ഇഎസ്ഐയിൽ ഉദ്ഘാടനം ചെയ്തു. മൂന്നാം ദിവസത്തെ പര്യടനം ഇന്ന് വാടയ്ക്കൽ മത്സ്യഗന്ധി കടപ്പുറത്തുനിന്ന് ആരംഭിക്കും.സി.ആർ.മഹേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.