പിആർഎസ് വായ്പയ്ക്ക് ജാമ്യം നിൽക്കേണ്ടത് സർക്കാർ: മോൻസ് ജോസഫ്
1374565
Thursday, November 30, 2023 1:00 AM IST
മങ്കൊമ്പ്: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നെല്ലുവില ബാങ്കിൽനിന്നു പിആർഎസ് വായ്പയായ് നൽകിയാൽ കർഷകരെ വായ്പാക്കുരുക്കിൽപ്പെടുത്താതെ സർക്കാരാവണം ജാമ്യം നിൽക്കേണ്ടതെന്ന് മുൻ മന്ത്രി മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
വിവിധ കർഷക പ്രശ്നങ്ങൾ ഉന്നയിച്ചു കൊടിക്കുന്നിൽ സുരേഷ് എംപി നടത്തുന്ന ത്രിദിന ഉപവാസ സത്യഗ്രഹത്തിന്റെ രണ്ടാം ദിന സമരം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.
വായ്പാക്കുരുക്കിൽപ്പെട്ട് അടുത്ത കാലത്ത് ആത്മഹത്യ ചെയ്ത മൂന്ന് കർഷകരുടെയും മരണത്തിനുത്തരവാദി സർക്കാർ തന്നെയാണ്.
കേന്ദ്ര സർക്കാർ വർധിപ്പിച്ച നെല്ലുവില സംസ്ഥാന വിഹിതത്തിൽ വെട്ടിക്കുറയ്ക്കുകയും രൊക്കമായി ലഭിച്ച പണം വകമാറ്റിച്ചെലവഴിച്ച ശേഷം കർഷകരെ പിആർഎസ് വായ്പാ കുരുക്കിൽപ്പെടുത്തുകയും ചെയ്ത സർക്കാർ നടപടി ഒരിക്കലും നീതീകരിക്കാനാവില്ല.
നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് ഏബ്രഹാം, ഉന്നതാധികാര സമിതിയംഗം സാബു തോട്ടുങ്കൽ, സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോർജ് മാത്യു, അലക്സ് മാത്യു, ജോസഫ് ചേക്കോടൻ, സജി ജോസഫ്, കെ. ഗോപകുമാർ, ഡോ. റൂബിൾ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.