ഇല്ലായ്മയിലും ഓട്ടൻതുള്ളലിൽ തളരാതെ ഒരമ്മയും മകളും
1374250
Wednesday, November 29, 2023 12:22 AM IST
ചേർത്തല: കലയുടെ നാടായ തൃശൂരിൽനിന്ന് ആലപ്പുഴയുടെ സ്വന്തം മരുമകളായി എത്തിയ പയറ്റുപത്തിൽ ജിനി തന്റെ നാലു മക്കൾക്കും കലയുടെ കാവൽക്കാരിയാണ്.
കൈനടി എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജോബിനാ എൽത്സാ വർഗീസ് രണ്ടാം വേദിയായ മുട്ടം പാരീഷ് ഹാളിൽ ഓട്ടൻതുള്ളലിൽ മത്സരിക്കുന്നത് അമ്മയുടെ തുണയിലും അപ്പച്ചന്റെ കഷ്ടപ്പാടിന്റെ പങ്കുപറ്റിയും.
ഓട്ടൻതുള്ളൽ പൂർണമായും അമ്മ ജിനിയുടെ ശിക്ഷണത്തിൽ. ജിനി ഭരതനാട്യം ബിഎ പഠിച്ചതാണ്. കൂടാതെ ഒപ്പന, ക്ലാസിക്കൽ ഡാൻസ്, തിരുവാതിര എന്നിവയിലും പ്രാവീണ്യം.
ഓട്ടൻതുള്ളൽ മത്സരത്തിന് 2500 രൂപയോളം ചെലവ്. കുടിവെള്ള വിതരണക്കാരനായ ഭർത്താവ് വർഗീസിന്റെ തുച്ഛമായ വരുമാനത്തിന്റെ ഭാഗമെന്നതിനാൽ വലിയ വില. മറ്റ് മൂന്നു മക്കളും കലാരംഗത്ത് അമ്മയോടൊപ്പം മത്സരരംഗത്ത് സജീവം.