സർവകക്ഷി യോഗ തീരുമാനം കടലാസിൽ; മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ്
1373926
Monday, November 27, 2023 11:39 PM IST
രാപകൽ സമരവുമായി സമരസമിതി
ചാരുംമൂട്: പാലമേൽ മറ്റപ്പള്ളി മലയിൽനിന്നു സർവകക്ഷിയോഗ തീരുമാനം ലംഘിച്ചു മണ്ണെടുത്തത് നാട്ടുകാർ തടഞ്ഞു.
കഴിഞ്ഞ 16ന് മന്ത്രി പി. പ്രസാദ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ മണ്ണെടുപ്പ് നിർത്തിവച്ച തീരുമാനമാണ് കരാറുകാരൻ ലംഘിച്ചത്. വിഷയത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നതിനു മുന്നേയാണ് വീണ്ടും ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ മലയിടിച്ചുള്ള മണ്ണെടുപ്പ് ആരംഭിച്ചത്.
കഴിഞ്ഞ രണ്ടുതവണയും വൻ പോലീസ് സന്നാഹത്തോടെയായിരുന്നു മണ്ണെടുപ്പിന് എത്തിയതെങ്കിലും ഇന്നലെ നൂറനാട് സ്റ്റേഷനിലെ ഏതാനും പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ആദ്യ ലോഡ് മണ്ണ് പോലീസ് അകമ്പടിയോടെ കടത്തി. വിവരമറിഞ്ഞെത്തിയ സമരസമിതി പ്രവർത്തകർ മണ്ണുമായി പുറപ്പെടാനൊരുങ്ങിയ മൂന്നു ലോറികൾ തടഞ്ഞിട്ടു. പഞ്ചായത്തംഗം കെ. അജയഘോഷ് ലോറിക്കുമുന്നിൽ കുത്തിയിരുന്നു. തൊട്ടുപിന്നാലെ സമരസമിതിയുടെ കൂടുതൽ പ്രവർത്തകർ പ്രകടനമായെത്തി മലയിലേക്കുളള റോഡിൽ ധർണയാരംഭിച്ച് മുദ്രാവാക്യം മുഴക്കി.
ഇതിനിടെ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെത്തി ലോറിയിൽ നിന്ന് മണ്ണ് ഇറക്കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടത് ബഹളത്തിന് കാരണമായി. പോലീസും സമരസമിതിനേതാക്കളും ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു.
ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമെത്തിയ മാവേലിക്കര തഹസീൽദാർ ദിലീപ് കുമാർ കരാറുകാരുമായി ഫോണിൽ ബന്ധപ്പെട്ട് മണ്ണെടുപ്പ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. സർവകക്ഷിയോഗശേഷം തങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ ലഭിച്ചില്ലെന്നായിരുന്നു കരാറുകാരന്റെ വാദം. ഉച്ചയോടെ കൊടിക്കുന്നിൽ സുരേഷ് എംപിയും എം.എസ്. അരുൺ കുമാർ എംഎൽഎ യും സ്ഥലത്തെത്തി.
കരാറുകാരന്റെ നടപടി ധാർഷ്ട്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. സർവകക്ഷി യോഗ തീരുമാനപ്രകാരം സ്ഥലപരിശോധന നടത്തിയ ജില്ലാ കളറുടെ റിപ്പോർട്ട് വരും മുമ്പ് വീണ്ടും മണ്ണെടുക്കാനെത്തിയത് കരാറുകാരന്റെ ധാർഷ്ട്യമാണെന്ന് എം.എസ്. അരുൺ കുമാർ എം എൽ എയും കുറ്റപ്പെടുത്തി.
വിഷയത്തിൽ തീരുമാനമാകുന്നതുവരെ പന്തൽ കെട്ടി രാപകൽ സമരം ആരംഭിച്ചിരിക്കുകയാണ് സമരസമിതി.