സമ്പൂർണ ഖരമാലിന്യ ശുചിത്വ നഗരസഭയായി ചേർത്തല
1340007
Tuesday, October 3, 2023 11:51 PM IST
ചേര്‍ത്തല: ചേലൊത്ത ചേർത്തല പരിപാടിയിലൂടെ നഗരസഭ സമ്പൂർണ ഖരമാലിന്യ ശുചിത്വ പദവി നേടയതിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
മാലിന്യസംസ്കരണം ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട പ്രവൃത്തിയാണെന്ന് മലയാളി തിരിച്ചറിഞ്ഞ് തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. വീടുകളിൽ ഉണ്ടാകുന്ന ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ ബയോബിൻ ഉപയോഗിച്ച് സംസ്കരിക്കാൻ നഗരസഭ മുഴുവൻ വീടുകളിലും ബയോ ബിന്നുകൾ നൽകി. വീടുകളിൽ കൈകാര്യം ചെയ്യാനാകാത്ത അജൈവ മാലിന്യം ഹരിത കർമ സേനയെ ഏൽപ്പിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു.
ചേർത്തല മാതൃകയിൽ കേരളത്തിലെ എല്ലാ നഗരസഭകളും പഞ്ചായത്തുകളും നടപടികൾ സ്വീകരിച്ചാൽ കേരളത്തിലെ മാലിന്യപ്രശ്നത്തിനു പരിഹാരമാകുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.
എ.എം. ആരിഫ് എംപി മുഖ്യാതിഥിയായി. ശുചിത്വ അംബാസിഡർ ഡോ. ബിജു മല്ലാരി ശുചിത്വരേഖ ഏറ്റുവാങ്ങി.
നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ സ്വാഗതവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാധുരി സാബു നന്ദിപറഞ്ഞു.
സമ്പൂർണ ഖരമാലിന്യ ശുചിത്വ പദവി നേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായി ചേർത്തല മാറി. 35 വാർഡുകളിലും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി പ്രത്യേകം ഡ്രൈവുകൾ സംഘടിപ്പിക്കുകയും ഓരോ വാർഡുകളും ശുചിത്വ വാർഡുകളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.