അവലോകന യോഗത്തിൽ ആലപ്പുഴയ്ക്കെന്ത്്?
1340000
Tuesday, October 3, 2023 11:51 PM IST
ആലപ്പുഴ: പൂര്‍ണമായും അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്വന്ഷന് സെന്ററില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജില്ലകളിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ജില്ലയിൽനിന്നുള്ള മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ, മറ്റ് മന്ത്രിമാർ എന്നിവരും പങ്കെടുത്തു. പദ്ധതികളുടെ പുരോഗതിയും പരിഹാരം കാണേണ്ട വിഷയങ്ങളും കളക്ടർ ഹരിത വി. കുമാർ അവതരിപ്പിച്ചു.
അതി ദാരിദ്ര്യനിര്‍മാര്‍ജനം, മാലിന്യമുക്ത നവകേരളം, വിദ്യാകരണം, ഹരിത കേരളം മിഷന്, ലൈഫ് മിഷന്, ജല്‍ ജീവന് മിഷന്, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നീ പദ്ധതികളാണ് പ്രധാനമായും വിലയിരുത്തിയത്.
മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ഡോര്‍ ടു ഡോര്‍ മാലിന്യശേഖരണത്തില്‍ നാലു ജില്ല മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവച്ചതായി യോഗം വിലയിരുത്തി. മാലിന്യ സംസ്കരണത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് കുറഞ്ഞു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കര്‍ശനമായി തുടരും.
ടൂറിസം വികസനത്തിന് പ്രാധാന്യമുള്ള ജില്ലയിൽ മാലിന്യ സംസ്കരണത്തിനു പ്രാമുഖ്യം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലാശയങ്ങളുടെ മാലിന്യം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. വലിയതോതിൽ ഇപ്പോൾ ജലാശയങ്ങൾ മലിനപ്പെടുന്നു. മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചേർത്തലയിലെ പ്ലാന്റ് പൂർത്തിയാകുന്നതോടെ അത് മാതൃകാപരമായ മുന്നേറ്റമുണ്ടാക്കും. മാവേലിക്കര തെക്കേക്കരയിലേക്കുള്ള എഫ്എസ്ടിപിയുടെ എസ്റ്റിമേറ്റ് തയാറാക്കി വരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൗസ് ബോട്ടുകളിലെ മാലിന്യസംസ്കരണത്തിന് ബന്ധപ്പെട്ടവരുടെ സംഘടന മുന്നോട്ടുവ ച്ച പദ്ധതിക്ക് അനുമതി നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് യോഗത്തിൽ മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അനുകൂല നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു യോഗത്തിൽ നിർദേശം നൽകി.
ചേർത്തല ഇരുമ്പുപാലം: പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണയായി. സെന്റ് മേരീസ് പാലം നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗം വിലയിരുത്തി.
സെന്റ് മേരീസ് പാലം, ഇരുമ്പുപാലം എന്നിവയുടെ നിർമാണം ഉൾനാടൻ ജലഗതാഗതഥോറിട്ടിയുടെ നീക്കം മൂലം അനിശ്ചിതത്ത്വത്തിലാണെന്ന് മന്ത്രി പി. പ്രസാദ് ചൂണ്ടിക്കാട്ടി. പരിശോധന നടത്തി എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാനും യോഗം തീരുമാനിച്ചു. ലാൻഡ് അക്വസിഷൻ നടപടികൾ പൂർത്തിയായതായി യോഗം വിലയിരുത്തി.
കുട്ടനാട് കുടിവെള്ള പദ്ധതിക്ക് കിഫ്ബി ധനസഹായം ഉറപ്പാക്കും. പദ്ധതിക്കായി 98 കോടി രൂപ കിഫ്ബി ബോർഡിൽ അനുമതി ലഭ്യമാകും. കുട്ടനാട് കുടിവെള്ള പദ്ധതി സംസ്ഥാനത്തെ വലിയ പദ്ധതികളിലൊന്നാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കരുവാറ്റ മുതലക്കുറിച്ചിക്കൽ പാലം, കായംകുളം മാർക്കറ്റ് പാലം എന്നിവയുടെ നിർമാണത്തിനു റിവൈസ് ഫണ്ട് അനുമതി നൽകും. ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസഗ്രാമം നൂറനാട് ഒരുക്കും. ജില്ലയിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കായുള്ള പുനരധിവാസ വില്ലേജിന്റെ നിർമാണത്തിനായി നൂറനാട് ലെപ്രസി സാനിറ്റോറിയത്തോട് ചേർന്ന് ഉപയോഗിക്കാതെ കിടക്കുന്ന അഞ്ച് ഏക്കർ സ്ഥലം സാമൂഹ്യനീതിവകുപ്പിനു കൈമാറുന്നതിന് നടപടി എടുക്കും.
വേമ്പനാട് കായൽ സംരക്ഷണത്തിനായി വിശദമായ പദ്ധതി തയാറാക്കാൻ നിർദേശം. കായലിൽ എക്കലും മാലിന്യങ്ങളും അടിഞ്ഞ് ആഴം കുറഞ്ഞതിനാൽ സമീപ പഞ്ചായത്തുകൾ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയും ദുരിതവും നേരിടുകയാണെന്നും മൂന്നു ജില്ലകളെ ബാധിക്കുന്ന പ്രശ്നമാണെന്നും അടിയന്തര ഇടപെടൽ വേണമെന്നും ജില്ലയിൽനിന്നുള്ള മന്ത്രിമാർ യോഗത്തിൽ ആവശ്യപ്പെട്ടു. ആഴം കൂട്ടലിനും കൈയേറ്റം ഒഴിപ്പിക്കാനും മാലിന്യമുക്തമാക്കാനും നടപടി വേണമെന്നും ചൂണ്ടിക്കാട്ടി.