കനത്ത മഴ: പുന്നപ്ര കൊച്ചുപൊഴി നിറഞ്ഞു
1339497
Sunday, October 1, 2023 12:16 AM IST
അമ്പലപ്പുഴ: കനത്ത മഴയിൽ പുന്നപ്ര കൊച്ചുപൊഴി നിറഞ്ഞുകവിഞ്ഞു. പ്രദേശ ത്താകെ വെള്ളം നിറഞ്ഞതോടെ ജനജീവിതം ദുരിതപൂർണമായി. പുന്നപ്ര തെക്ക് പഞ്ചായത്ത് 16-ാം വാർഡിലെ പൊഴിയുടെ ഇരുവശവും സംരക്ഷണഭിത്തി നിർമിച്ചെങ്കിലും കുറേഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്. ഈ ഭാഗത്ത് താമസിക്കുന്ന വീട്ടുകാരാണ് വെള്ളത്തിന്റെ കെടുതി അനുഭവിക്കുന്നത്.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഭിത്തി നിർമാണം പൂർത്തിയാക്കാത്തതെന്ന് ആക്ഷേപമുണ്ട്. സിപിഎമ്മാണ് പുന്നപ്രതെക്ക് പഞ്ചായത്ത് ഭരിക്കുന്നത്. നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെയും മുൻ പ്രസിഡന്റിന്റെയും വാർഡ് ഉൾപ്പെട്ട പ്രദേശമാണിത്.
വീടുകളിൽ വെള്ളം കയറിയതു മൂലം പാചകം ചെയ്യാൻപോലും പറ്റാത്ത സ്ഥിതിയാണെന്ന് പൊഴിക്കരികിൽ താമസിക്കുന്ന പനഞ്ചിക്കൽ കുഞ്ഞുമോന്റെ കുടുബം പറഞ്ഞു.
പൊഴിമുഖം മുറിച്ചു കടലിലേക്കു വെള്ളം ഒഴുക്കിയെങ്കിലും വീടുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം വറ്റിക്കാൻ നടപടിയുണ്ടായിട്ടില്ല. പുന്നപ്രതെക്ക് - വടക്ക് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്.