വീണ്ടുമൊരു പുഞ്ചകൃഷിക്കാലം : വിത്തിന്റെ കാര്യത്തിൽ കർഷകർക്ക് ആശങ്ക
1339241
Friday, September 29, 2023 11:13 PM IST
മങ്കൊമ്പ്: പുഞ്ചകൃഷി പടിവാതിൽക്കലെത്തി നിൽക്കെ വിത്ത് ലഭ്യതയുടെ കാര്യത്തിൽ കർഷകർക്ക്് ആശങ്ക. കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലു വിറ്റതിന്റെ പണം സപ്ലൈകോയിൽനിന്നു ലഭിക്കാത്തതിന്റെ ബാധ്യതകൾ ചുമലിലേറ്റിയാണ് കർഷർ അടുത്ത കൃഷിക്കു തയാറെടുക്കുന്നത്.
പുഞ്ചകൃഷിക്കുള്ള നിലമൊരുക്കൽ ജോലികൾ പാടശേഖരങ്ങളിൽ പുരോഗമിച്ചുവരികയാണ്. രണ്ടാംകൃഷിയിറക്കിയിരുന്ന കായൽ നിലങ്ങളിലാണ് ഇപ്പോൾ നിലമൊരുക്കൽ പൂർത്തിയായിവരുന്നത്. രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളിൽ വിളവെടുപ്പാരംഭിച്ചുകഴിഞ്ഞു.
ഇത്തരം പാടങ്ങളിൽ നിലമൊരുക്കൽ ജോലികൾ വൈകും. നിലമൊരുക്കൽ പുരോഗമിക്കുന്ന പാടങ്ങളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ വിതയാരംഭിക്കേണ്ടിവരും. ഈ മാസം തുടക്കത്തിൽതന്നെ കർഷകർ കൃഷിഭവനുകൾവഴി വിത്തിനുള്ള അപേക്ഷ നല്കിയിരുന്നു. സ്വന്തം നിലമുള്ളവർ ഇക്കൊല്ലത്തെ കരമടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പികൾ അടക്കമാണ് അപേക്ഷ നൽകേണ്ടത്. പാട്ടത്തിനു കൃഷിചെയ്യുന്നവർ ഇവയ്ക്കു പുറമേ 200 രൂപയുടെ മുദ്രപത്രത്തിൽ പാട്ടക്കാരന്റെ ഒപ്പിട്ട സത്യവാങ്മൂലവും നൽകണം.
എന്നാൽ ഒരു വിഭാഗം കർഷകർക്ക് ഇനിയും വിത്തിനുള്ള രജിസ്്ട്രേഷൻ നടത്താനായിട്ടില്ല. മിച്ചഭൂമിയിലൂടെ നിലം ലഭിച്ച കർഷകർക്കു കരമടച്ച പുതിയ രസീത് ഇല്ലാത്തതിനാലാണിത്. നീലംപേരൂർ കൃഷിഭവൻ പരിധിയിൽ വരുന്ന ഇ ബ്ലോക്ക് ഇരുപത്തിനാലായിരം കായലിലെ കർഷകർക്കാണ് ഇത്തരം തടസങ്ങളുള്ളത്. ഇവരിൽനിന്നു കൃഷിവകുപ്പ് വിത്തിനുള്ള അപേക്ഷ സ്വീകരിച്ചിട്ടില്ല.
രജിസ്ട്രേഷൻ നടത്തിയവർക്കു വിത്തു കിട്ടുമോ എന്ന ആശങ്കയുണ്ട്. നെല്ലുവില കിട്ടാത്തതിരുന്നതിനെത്തുടർന്നുള്ള അനുഭവങ്ങളാണ് കൃഷിവകുപ്പിനെ സംശയത്തോടെ നോക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. വിത്ത് സമയത്തു നൽകുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകുന്നെങ്കിലും കർഷകർ വിശ്വാസത്തിലെടുത്തിട്ടില്ല.
കേരള സീഡ് കോർപറേഷന്റെ വിത്താണ് മുൻ വർഷങ്ങളിൽ കൃഷി വകുപ്പ് നൽകുന്നത്. വിത്തിന്റെ ഗുണമേൻമയിൽ കർഷകർക്കു വിശ്വാസക്കുറവുണ്ട്. നാഷണൽ സീഡ് കോർപറേഷന്റെ വിത്താണ് കർഷകർക്ക പ്രിയം. സാമ്പത്തിക ബാധ്യതകൾ ഏറെയുണ്ടെങ്കിലും മറ്റു വരുമാന മാർഗങ്ങളൊന്നുമില്ലാത്തതിനാലാണ് കടത്തിനു മുകളിൽ കടം വാങ്ങിയും കർഷകർ വീണ്ടും കൃഷിക്കിറങ്ങുന്നത്. കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ല് വിറ്റയിനത്തിൽ ജില്ലയിൽ ഇനിയും 14 കോടി രൂപയോളമാണ് സപ്ലൈകോ കൊടുത്തുതീർക്കാനുള്ളത്.