തക്കല രൂപതയുടെ പ്രഥമ മഹാസമ്മേളനം തുടങ്ങി
1339236
Friday, September 29, 2023 10:42 PM IST
തക്കല: കന്യാകുമാരി മുതൽ മധുര വരെ ഒന്പതു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സീറോ മലബാർ സഭയുടെ തമിഴ്നാട്ടിലെ മിഷൻ രൂപതയായ തക്കല രൂപതയുടെ പ്രഥമ മഹാസമ്മേളനത്തിനു തുടക്കമായി.
രാവിലെ 9.15 ന് ദേവാലയത്തിൽ ജുഡീഷൽ വികാരി ഫാ. തോമസ് സത്യനേശൻ മഹാസമ്മേളനത്തിന്റെ ആമുഖസന്ദേശം നൽകി. രാവിലെ 11.30ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രനും വികാരി ജനറാൾ മോൺ.തോമസ് പൗവ്വത്തുപറമ്പിലും സഹകാർമികരായിരുന്നു.
ഉച്ചകഴിഞ്ഞ് രണ്ടിന് പ്രഥമ മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. മാർ ജോർജ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ. തോമസ് പൗവ്വത്തുപറമ്പിൽ, ഫാ. സാജൻ നെട്ടപ്പൊങ്ങ് എന്നിവർ പ്രസംഗിച്ചു.
രൂപത ചാൻസലറും മഹാസമ്മേളനത്തിന്റെ ജനറൽ സെക്രട്ടറിയുമായ ഫാ. ജോഷി കുളത്തുങ്കൽ മഹാസമ്മേളനത്തെപ്പറ്റി വിശദീകരിച്ചു. മദർ സിസ്റ്റർ റോസ് മാർട്ടിൻ എസ്എബിഎസ് നന്ദി പറഞ്ഞു.