ജനിച്ച നാടിനെ മനസിൽ സൂക്ഷിച്ച പ്രതിഭാധനൻ
1339005
Thursday, September 28, 2023 10:29 PM IST
മങ്കൊമ്പ്: ജനിച്ച നാടിനെ മരിക്കുവോളം മനസിൽ സൂക്ഷിച്ചിരുന്ന എം.എസ്. സ്വാമിനാഥൻഎന്ന ഹരിതവിപ്ലവത്തിന്റെ പിതാവാണ് വിടപറയുന്നത്. മൂന്നുവയസുവരെ മാത്രമാണ് കുട്ടനാട്ടിൽ ജീവിച്ചതെങ്കിലും കുട്ടനാടുമായുള്ള ബന്ധം സജീവമായി നിലനിർത്തിപ്പോന്നു. നെല്ലറയായ കുട്ടനാട്ടിലെ കൃഷിയുടെയും പൊന്നുവിളയിക്കുന്ന ഇവിടത്തെ കർഷകരുടെയും പ്രതാപകാലത്തിനു മങ്ങലേൽക്കുന്നുവെന്നു മനസിലാക്കിയപ്പോൾ കുട്ടനാടിനൊരു രക്ഷാപാക്കേജുമായി അദ്ദേഹമെത്തി.
ചെറുപ്രായത്തിൽത്തന്നെ കുട്ടനാടു വിട്ടുപോകേണ്ടിവന്നെങ്കിലും കുട്ടനാടിന്റെ ഭൂപ്രകൃതിയും ഭൂപ്രദേശം ഇന്നു നേരിടുന്ന പ്രതിസന്ധികളും അദ്ദേഹത്തിനു മനഃപാഠമായിരുന്നു. കുട്ടനാടിന്റെ തനിമ നിലനിർത്തിയും മുഴുവൻ ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുതകുന്നതുമായ പദ്ധതികളാണ് ആവിഷ്കരിച്ചത്.
മങ്കൊന്പിനെ
സ്നേഹിച്ച പിതാവ്
പിറന്നുവീണതും പിതൃക്കൾ അന്ത്യവിശ്രമം കൊള്ളുന്നതുമായ മങ്കൊമ്പെന്ന ഗ്രാമത്തെ അദ്ദേഹം അളവറ്റു സ്നേഹിച്ചിരുന്നു. ഇടയ്ക്കിടെ അദ്ദേഹം മങ്കൊമ്പിൽ വന്നുപോയിരുന്നു. ഏറ്റവുമൊടുവിൽ 2016 ലാണ് മങ്കൊമ്പിലെത്തിയത്. മങ്കൊമ്പ് ഒരുകാലത്തു തമിഴ് ബ്രാഹ്മണർക്കു ഭൂരിപക്ഷമുള്ള ഗ്രാമമായിരുന്നു.
മുന്നൂറോളം ബ്രാഹ്മണ കുടുംബങ്ങളാണ് മങ്കൊമ്പ് ക്ഷേത്രത്തിനു സമീപത്തായി താമസിച്ചിരുന്നത്. തഞ്ചാവൂരിൽ നിന്നെത്തിയ കൊട്ടാരം കുടുംബാംഗമായ കെ.സാബശിവനായിരുന്നു ഡോ.സ്വാമിനാഥന്റെ പിതാവ്. കുംഭകോണം സ്വദേശിനിയായ തങ്കമ്മാൾ ആയിരുന്നു സ്വാമിനാഥന്റെ അമ്മ. പിതാവിന്റെ മരണത്തോടെ മൂന്നു വയസുള്ള സ്വാമിനാഥനൊപ്പം മാതാവ് തങ്കം സ്വദേശത്തേക്കു മടങ്ങി.
പിന്നീട് 1940 ൽ തിരവന്തപുരം മഹാരാജാസ കോളജിൽ(യൂണിവേഴ്സിറ്റി കോളജ്) പഠനത്തിനായാണ് സ്വാമിനാഥൻ കേരളത്തിലെത്തുന്നത്. പിന്നീട് തുടർ പഠനത്തിനായി കോയമ്പത്തൂരിലേക്കും പോയി. പിതൃസ്വത്തായി കുട്ടനാട്ടിലെ കൃഷിഭൂമികളൊന്നും ലഭിക്കാതിരുന്നതിനാൽ ഡോ.സ്വാമിനാഥനു കുട്ടനാടുമായി കൂടുതൽ ബന്ധം പുലർത്താനായില്ല.
പിതൃസ്വത്തായി കൽപ്പറ്റയിൽ കാപ്പിത്തോട്ടമാണ് അദ്ദേഹത്തിനു ലഭിച്ചത്. എങ്കിലും മങ്കൊമ്പിനായി തന്നാലാവും വിധമെല്ലാം സ്വാമിനാഥൻ ചെയ്തിരുന്നു. അദ്ദേഹം രാജ്യസഭാംഗമായിരിക്കെ 2012-13 ൽ എംപി ഫണ്ടിൽ നിന്നു മങ്കൊമ്പ് അവിട്ടം തിരുനാൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനുള്ള ലാബ് കെട്ടിടം നിർമാണത്തിനായി തുകയനുവദിച്ചു.
നാട്ടുകാരും
സ്നേഹിച്ചു
ഡോ.എം.എസ്. സ്വാമിനാഥൻ കുട്ടനാടിനെയെന്നപോലെ കുട്ടനാട്ടുകാരും അദ്ദേഹത്തെ ഏറെ സ്നേഹിച്ചിരുന്നു, ആരാധിച്ചിരുന്നു. ഫലംകണ്ടില്ലെങ്കിലും അദ്ദേഹം കുട്ടനാടിനായി കൊണ്ടുവന്ന രക്ഷാപാക്കേജ് മാത്രം മതി കുട്ടനാട്ടുകാർക്കെ അദ്ദേഹത്തെ എന്നുമോർക്കാൻ. കുട്ടനാടിന്റെ പ്രഥമ എംഎൽഎ ആയിരുന്ന തോമസ് ജോണിന്റെ പേരിലുള്ള പുരസ്കാരം കഴിഞ്ഞ വർഷം ഡോ.എം.എസ്. സ്വാമിനാഥനായിരുന്നു നൽകിയത്.
അദ്ദേഹത്തിന്റെ ജൻമദിനത്തിൽ ചെന്നൈയിലുള്ള വസതിയിലെത്തിയ തോമസ് ജോൺ അനുസ്മരണ സമിതി ഭാരവാഹികളായ അലക്സ് മാത്യു, ജോൺ.സി.ടിറ്റോ, ജോസഫ്കുഞ്ഞ് മംഗലപ്പള്ളി, എ.എസ് വിശ്വനാഥൻ, ഷാരോൺ ടിറ്റോ എന്നിവർ അവാർഡ് സമ്മാനിച്ചു. രോഗശയ്യയിലായിരുന്നതിനാൽ ഡോ. സ്വാമിനാഥനു വേണ്ടി മകൾ മിനാ സ്വാമിനാഥൻ അവാർഡ് ഫലകം ഏറ്റുവാങ്ങി.