അമൃത് പദ്ധതിയിലൂടെ 60 ലക്ഷത്തിന്റെ പുതിയ നടപ്പാലത്തിന്റെ പണിതുടങ്ങി
1338778
Wednesday, September 27, 2023 10:41 PM IST
അമ്പലപ്പുഴ: ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപ ചെലവിൽ പുതിയ നടപ്പാലത്തിന്റെ നിർമാണത്തിനു തുടക്കമായി. ഇരുമ്പുപാലത്തിനു സമീപം സമാന്തരമായി വർഷങ്ങൾക്കു മുമ്പ് നിർമിച്ച പാലം ദ്രവിച്ച് ഉപയോഗശൂന്യമായതിനെത്തുടർന്ന് 2023-24 അമൃത് വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് പുതിയ പാലം നിർമിക്കുക. എ.എം. ആരിഫ് എംപി നിര്‍മാണോദ്ഘാടനം നിർവഹിച്ചു. എച്ച്. സലാം എംഎൽഎ അധ്യക്ഷനായി.
നിലവിലുള്ള നടപ്പാലത്തിന് 10 മീറ്റർ കിഴക്കു മാറ്റിയുള്ള നിർമാണം 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. പാലത്തിന്റെ ഇരുവശങ്ങളിലും പുരവഞ്ചിയുടെ മാതൃകയിലും മധ്യഭാഗത്ത് നഗരക്കാഴ്ചകൾ കാണും വിധത്തിൽ സെല്ഫിപോയിന്റുമുണ്ട്. നഗരസഭ എന്‍ജിനിയറിംഗ് വിഭാഗം വിനോദ സഞ്ചാരികള്‍ക്കുൾപ്പെടെ ആകര്‍ഷകമാകും വിധത്തിൽ ആര്‍ക്കിടെക്റ്റുമാരായ ശരത് സ്നേഹജൻ, വിശാഖ്, നന്ദഗോപാല്‍ സുരേഷ് എന്നിവരാണ് പാലത്തിന്റെ മാതൃക തയാറാക്കിയത്.
ഗതാഗതതടസമുണ്ടാക്കാതെ മറ്റു കേന്ദ്രങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത തൂണുകള്‍ എത്തിച്ചാണ് പൈലിംഗ് ജോലികൾ നടത്തുന്നത്. ഇരുമ്പുപാലത്തിനു സമീപം ചേർന്ന സമ്മേളനത്തിൽ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരം സമിതി അധ്യക്ഷരായ എം.ആര്. പ്രേം, എ.എസ്. കവിത, എം.ജി. സതീദേവി, കൗണ്‍സിലര്‍മാരായ എ. ഷാനവാസ്, ബി. നസീര്‍, മോനിഷ, ജ്യോതി, ക്ലാരമ്മ പീറ്റര്‍, ആര്. രമേഷ് തുടങ്ങിയവർ പങ്കെടുത്തു.