മാന്നാറിലെ മോഷണം: അന്വേഷണം ശക്തമാക്കി
1338517
Tuesday, September 26, 2023 11:18 PM IST
മാന്നാർ: മാന്നാറിൽ നടന്ന മോഷണത്തിലെ പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കി. അന്വേഷണ സംഘം രൂപീകരിച്ച് മൂന്ന് സ്ക്വാഡുകളായിട്ടാണ് അന്വേഷണം നടക്കുന്നത്.
സമീപത്തുള്ള സിസിടിവികൾ പരിശോധിച്ചതിൽ പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. അടുത്തനാളിൽ നടന്ന ഏറ്റവും വലിയ മോഷണമാണ് മാന്നാറിൽ നടന്നത്.
മാന്നാറിൽ പൂട്ടിക്കിടന്ന വീട്ടിൽ നടന്ന മോഷണത്തിന്റെ വ്യാപ്തിയിൽ പോലീസ് ഞെട്ടി. മാന്നാറിലെ മോഷ്ടാക്കൾ മോശക്കാരല്ലെന്ന് പോലീസിന് മനസിലായത് ഒരു ദിവസം പിന്നിട്ടപ്പോൾ. വിദേശത്തായിരുന്ന വീട്ടുടമ എത്തിയപ്പോഴാണ് മോഷണത്തിന്റെ യഥാർഥ കണക്കുകൾ പുറത്തുവന്നത്.
സ്വർണം, ഡയമണ്ട്, പണം, ഡോളർ, വാച്ചുകൾ, മൊബൈൽ ഫോണുകൾ അടക്കം മോഷ്ടാക്കൾ അപഹരിച്ചത് ഒരു കോടിയോളം രുപയുടെ സാധനങ്ങളാണ്. മാന്നാർ കുട്ടംപേരൂർ ഊറ്റുപറമ്പ് സ്കൂളിനു സമീപം ആളില്ലാത്ത വീടുകളിൽ പൂട്ടുതകർത്ത് നടത്തിയ മോഷണത്തിന്റെ വലിപ്പം മനസിലാക്കി പോലീസ് അന്വേഷണം ഊർജിതമാക്കി.
ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാർ, മാന്നാർ സിഐ ജോസ് മാത്യു, എസ്ഐ സി.എസ്. അഭിരാം എന്നിവരുടെ നേതൃത്വത്തിൽ മൂന്നു വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
മാന്നാർ കുട്ടമ്പേരൂർ ഊട്ടുപറമ്പ് സ്കൂളിനു സമീപം ദീപ്തിയിൽ ഡോ. ദിലീപ് കുമാറിന്റെയും പ്രവാസി വ്യവസായി കുട്ടമ്പേരൂർ രാജശ്രീയിൽ രാജശേഖരൻ നായരുടെയും വീടുകളിലാണ് ശനിയാഴ്ച രാത്രിയിൽ മോഷണം നടന്നത്.
ഡോ. ദിലീപ്കുമാറും കുടുംബവും എറണാകുളത്ത് ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. രാജശേഖരൻ നായർ കുടുംബസമേതം വിദേശത്താണ്. ഇരുവീടുകളിലും സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളുടെയെല്ലാം ദിശ മാറ്റിയ മോഷ്ടാവ്, ഡിവിആർ കൊണ്ട് പോയത് അന്വേഷണത്തിന് തടസമായെങ്കിലും മറ്റു പലയിടങ്ങളിൽനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസിന് സഹായകരമായിട്ടുണ്ട്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.
ഇന്നലെ രാവിലെയോടെ വിദേശത്തു നിന്നും എത്തിയ പ്രവാസി വ്യവസായി കുട്ടമ്പേരൂർ രാജശ്രീയിൽ രാജശേഖരൻ നായരും ഭാര്യയും മോഷണം പോയ സാധനങ്ങളുടെ വ്യക്തമായ വിവരങ്ങൾ പോലീസിനു കൈമാറി.
55 പവനോളം സ്വർണാഭരണങ്ങൾ, ലക്ഷങ്ങൾ വില വരുന്ന പത്തു വാച്ചുകൾ, ഏതാനും ഡയമണ്ട് ആഭരണങ്ങൾ അടക്കം ഒരു കോടിയോളം രൂപ വില വരുന്ന സാധനങ്ങൾ മോഷണം പോയതായിട്ടാണ് വിവരം.
കൂടാതെ വീടിന്റെ പ്രധാന വാതിലിനും മുകളിലത്തെ നിലയിലുള്ള വാതിലുകൾക്കും അലമാരികൾക്കും കാര്യമായ നാശം ഉണ്ടായിട്ടുണ്ട്. ഡോ. ദിലീപ് കുമാറിന്റെ വസതിയിൽനിന്നും ഒന്നും മോഷണം പോയിരുന്നില്ല. പ്രതികൾ ഉടൻ തന്നെ വലയിലാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.