വെളിയനാട് വെള്ളിസ്രാക്ക പാടശേഖരത്തിൽ മടവീഴ്ച
1338508
Tuesday, September 26, 2023 11:18 PM IST
മങ്കൊമ്പ്: കിഴക്കൻ വെള്ളത്തിന്റെ വരവു തുടരുന്നതോടെ കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. വെളിയനാട് കൃഷിഭവൻ പരിധിയിൽ വരുന്ന കിഴക്കേ വെള്ളിസ്രാക്ക പാടശേഖരത്തിലാണു മടവീഴ്ചയുണ്ടായത്.
പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് മടവീഴ്ചയുണ്ടായത്. പാടശേഖരത്തിന്റെ കിഴക്കേചിറയുടെ തെക്കേ അറ്റത്തെ പുറംബണ്ടിലാണ് മട വീണത്.
പുറംബണ്ടിലെ തെങ്ങിന്റെ താഴെയുണ്ടായ അള്ളയിലൂടെ വെള്ളം പാടത്തേക്കു കയറുകയും മടവീഴ്ചയിൽ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ കർഷകർ മട തടയാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.
87 ഏക്കറിനെ ബാധിച്ചു
മടവീഴ്ചയെ തുടർന്നു കല്ലുകെട്ടടക്കം 17 മീറ്ററോളം പുറംബണ്ട് വെള്ളത്തിനൊപ്പം ഒലിച്ചുപോയി. 87 ഏക്കറോളം വരുന്ന പാടശേഖരത്തിൽ വെള്ളം വറ്റിച്ചശേഷം നിലമുഴുന്ന ജോലികൾ അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് മടവീണത്.
മട കുത്താൻ ഒന്നര ലക്ഷം രൂപയെങ്കിലും ചെലവാകുമെന്നാണ് കർഷകർ പറയുന്നത്. മടകുത്തൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കിയാൽ പുഞ്ചക്കൃഷി വൈകാതെ ആരംഭിക്കാനാകുമെന്നും കർഷകർ പറയുന്നു.
സർക്കാർ ഇടപെടണം
വെളിയനാട് വെള്ളിസ്രാക്ക പാടശേഖരത്തിൽ മടവീഴ്ചയിലുണ്ടായ നഷ്ടം കർഷകർക്കു താങ്ങാൻ സാധിക്കില്ല. ഇതിനു സർക്കാരിന്റെ സഹായം ആവശ്യമാണ്. കൃഷിമന്ത്രി ഉൾപ്പെടെ സംഭവത്തിൽഇടപെടണം.
കർഷകർ വിവരമറിയിച്ചതിനെത്തുടർന്നു കൃഷി, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തി. പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച പുളിങ്കുന്ന് കൃഷി ഭവൻ പരിധിയിലുള്ള മേച്ചേരിവാക്ക പാടശേഖരത്തിലും മട വീണിരുന്നു.
കർഷകരെ സംബന്ധിച്ചു വൻതിരിച്ചടിയാണ് മടവീഴ്ചയിലൂടെ സംഭവിക്കുന്നത്. ഇതിനു പരിഹാരം കണ്ടെത്താൻ സർക്കാരും സർക്കാർഏജൻസികളും ശ്രമിക്കണമെന്നാണ് കർഷകർആവശ്യപ്പെടുന്നത്.