കുട്ടികളെ കൈമാറുന്നതിനെച്ചൊല്ലി കോടതി വളപ്പില്‍ സംഘര്‍ഷം; ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്
1337842
Saturday, September 23, 2023 11:30 PM IST
ചേര്‍ത്തല: കുട്ടികളെ കൈമാറുന്നതിനെചൊല്ലി കോടതി വളപ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പോലീസ്. വേര്‍പിരിഞ്ഞു കഴിയുന്ന ദമ്പതികള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കുട്ടികളെ കൈമാറാന്‍ എത്തിയപ്പോഴാണ് തര്‍ക്കം ഉണ്ടായത്.
ചേര്‍ത്തല കോടതിവളപ്പില്‍ 22ന് രാവിലെയായിരുന്നു സംഭവം. ഇരു വിഭാഗത്തെയും സത്രീകളുടെ പരാതിയെ തുടര്‍ന്ന് ഇരുകൂട്ടര്‍ക്കുമെതിരെ ചേര്‍ത്തല പോലീസ് കേസെടുത്തു. വയലാര്‍ സ്വദേശിനിയായ അഞ്ജലിമേനോനും പിതാവ് വാസുദേവ മേനോനുമാണ് കുട്ടികളെ കൈമാറാന്‍ എത്തിയത്.
പട്ടണക്കാട് സ്വദേശിയായ ഭര്‍ത്താവ് ഗിരീഷുമായി യുവതി നാളുകളായി അകന്നുകഴിയുകയാണ്. ഇവര്‍ തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച കേസ് ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് കുട്ടികളെ ആഴ്ചയില്‍ രണ്ടുദിവസം ഭര്‍ത്താവിനൊടൊപ്പം പോകാന്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുവതിയും പിതാവും കുട്ടികളോടൊപ്പം ചേര്‍ത്തല കോടതി വളപ്പില്‍ എത്തിയത്. കുട്ടികളെ കാറില്‍നിന്നും ഇറക്കുന്നതിനെക്കുറിച്ചുണ്ടായ തര്‍ക്കങ്ങളാണ് കയ്യാങ്കളിയിലേക്കെത്തിയത്.
കോടതി അവധിദിനമായതിനാല്‍ ജീവനക്കാരുണ്ടായിരുന്നില്ല. കുട്ടികള്‍ കാറില്‍നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചതോടെ ഭര്‍തൃവീട്ടുകാര്‍ ബലം പ്രയോഗിക്കുകയും പിന്നീട് തങ്ങളെ അടിച്ചു വീഴ്ത്തുകയായിരുന്നുയെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
സമീപത്തെ ഓട്ടോസ്റ്റാന്‍ഡിലെ തൊഴിലാളികളും കവലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യാേഗസ്ഥനും നാട്ടുകാരും ചേര്‍ന്നാണ് ഇരുകൂട്ടരേയും പിടിച്ചു മാറ്റിയത്.
തലയ്ക്കും വയറിനും പരിക്കേറ്റ അഞ്ജലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അഞ്ജലിയുടെ പരാതിയില്‍ ഗിരീഷിനും സഹോദരി ലീനക്കുട്ടിക്കും ബന്ധുക്കള്‍ക്കുമെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം ചേര്‍ത്തല പോലീസ് കേസെടുത്തു.