ചെന്നിത്തലയിലും തെരുവ്നായ ആക്രമണം
1337584
Friday, September 22, 2023 10:57 PM IST
മാന്നാർ: ചെന്നിത്തലയിലും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മാന്നാറിന് ശേഷം ചെന്നിത്തലയിലും തെരുവ് നായ ആക്രമണം തുടങ്ങിയതോടെ ഭീതിയോടെയാണ് ജനങ്ങൾ പുറത്തിറങ്ങുന്നത്.
ചെന്നിത്തല നവോദയ സ്കൂളിന് സമീപം കഴിഞ്ഞ ദിവസം മൂന്നോളം പേർക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്. നവോദയ സ്കൂളിന് കിഴക്കുവശം ഒരിപ്രം ശിവകൃപയിൽ മണിക്കുട്ടൻ (63 ) വീടിനു മുന്നിൽ നിൽക്കുമ്പോൾ തെരുവ് നായയുടെ ആക്രമണമുണ്ടായി. കാലിനും മൂക്കിനും പരിക്കേറ്റ മണിക്കുട്ടൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മറ്റ് രണ്ട് പേർക്കും ഇവിടെ നായയുടെ കടിയേറ്റു.
പുത്തുവിളപ്പടി ജംഗ്ഷനിലെ ഒരു ഓട്ടോറിക്ഷ തൊഴിലാളി രാവിലെയും വൈകുന്നേരവും ബിസ്കറ്റുകളും മറ്റും വാങ്ങി നൽകുന്നതാണ് നവോദയ സ്കൂളിന് സമീപം തെരുവ് നായ്കളുടെ ശല്യം വർധിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ കല്ലുംമൂട്, മഹാത്മ ഗേൾസ് സ്കൂൾ ജംഗ്ഷൻ, കാരാഴ്മ മാർക്കറ്റ്, ചെറുകോൽ, കോട്ടമുറി എന്നിവിടങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമാണന്ന്നാട്ടുകാർ പറയുന്നു.
ഗ്രാമപഞ്ചായത്ത് അധികൃതർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെരുവ് നായ്കൾക്ക് മാന്നാറിൽ ഷെൽട്ടർ നിർമ്മിക്കും
മാന്നാർ: തെരുവ്നായക്കളുടെ ആക്രമണം രൂക്ഷമായ മാന്നാറിൽ കർശന നടപടികളുമായി പഞ്ചായത്ത് രംഗത്തിറങ്ങി. അക്രമകാരികളായ തെരുവ് നായ്കളെ പിടികൂടാനുള്ള നടപടികൾ തുടങ്ങി. കൂടാതെ മാന്നാർ പഞ്ചായത്തിൽ തെരുവ് നായകൾക്കായി ഷെൽട്ടർ നിർമിക്കാനുള്ള പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചു.
പത്താം വാർഡിൽ മുട്ടേൽ മൃഗാശുപത്രി വളപ്പിലായി ഷെൽട്ടർ നിർമിക്കാനായി പദ്ധതി തയാറാക്കുകയും 2022 -23 ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. പ്രദേശവാസികളായ രണ്ടുപേർ ഷെൽട്ടർ നിർമാണത്തിനെതിരെ കോടതിയെ സമീപിച്ചതോടെയാണ് പദ്ധതി മുടങ്ങിയത്.
ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഷെൽട്ടർ നിർമ്മാണത്തിന് കരാർ നൽകിയതായും ജനകീയ സദസ് വിളിച്ച് ചേർത്ത് ആവശ്യമായ നടപടികൾ ഉടൻകൈക്കൊള്ളുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 13 - ഓളം പേർക്കാണ് നായ്കളുടെ കടിയേറ്റത്. തെരുവ്നായ് ആക്രമണം തുടർന്നത് ജനങ്ങളെ ആശങ്കയിലാക്കി. തെരുവ് നായ് ശല്യം രൂക്ഷമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതെത്തുടർന്നാണ് ഗ്രാമപഞ്ചായത്ത് അടിയന്തര നടപടികളിലേക്ക് നീങ്ങിയത്.