ഹോം ഗാർഡിനെ പിൻവലിച്ചു; ഗതാഗതം താറുമാറായി
1337580
Friday, September 22, 2023 10:57 PM IST
പുളിങ്കൊമ്പ്: പുളിങ്കുന്ന് താലൂക്കാശുപത്രി പാലത്തിൽ ഗതാഗതം നിയന്ത്രിച്ചിരുന്ന ഹോം ഗാർഡിനെ പിൻവലിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു.
നേരത്തെ പാലത്തിൽ ഗതാഗതം നിയന്ത്രിച്ചിരുന്ന ഹോംഗാർഡിന്റെ സേവനം നിലച്ചതോടെ പാലത്തിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. ഒരു സമയം ഒരു ദിശയിലേക്കു മാത്രം ഗതാഗതം സാധ്യമാകുന്ന പാലമാണിത്.
ഇരുവശങ്ങളിൽനിന്നു നിരവധി വാഹനങ്ങളാണ് എപ്പോഴും പാലത്തി്ൽ കയറാനെത്തുന്നത്. എന്നാൽ പാലത്തിന്റെ കിഴക്കേക്കരയിലുള്ള കൺട്രോൾ റൂമിൽനിന്നു ഹോം ഗാർഡാണ് സിഗ്നൽ ലൈറ്റുകളുപയോഗിച്ചു ഗതാഗതം നിയന്ത്രിച്ചിരുന്നത്. പുലർച്ചെമുതൽ രാത്രി എട്ടുവരെ ഹോംഗാർഡിന്റെ സേവനം ലഭ്യമായിരുന്നു.
ഇതുമൂലം കാര്യമായ കുഴപ്പങ്ങളില്ലാതെ ഇവിടെ വാഹനഗതാഗതം സാധ്യമായിരുന്നു. എന്നാൽ ഹോംഗാർഡിന്റെ സേവനം നിലച്ചതോടെ പാലത്തിലെ ഗതാഗതക്കുരുക്ക് സജീവമായിരിക്കുകയാണ്.
ചങ്ങനാശേരി ഭാഗത്തുനിന്നു പുളിങ്കുന്ന്, കുന്നുമ്മ പ്രദേശങ്ങളിലേക്കെത്തുന്ന വാഹനങ്ങളെല്ലാം ആശുപത്രി പാലത്തിലൂടെയാണു കടന്നുപോകുന്നത്.
താലൂക്കാശുപത്രി, എൻജിനീയറിംഗ് കോളജ്, നിരവധി സ്കൂളുകൾ, ബാങ്കുകൾ, ആരാധനാലയങ്ങൾ തുടങ്ങി പുളിങ്കുന്നിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള നിരവധി വാഹനങ്ങളാണ് അനുദിനം പാലത്തിലൂടെ കടന്നുപോകുന്നത്.
പാലത്തിനു സമീപത്തുള്ള താലൂക്കാശുപത്രിയിലേക്കു രോഗികളുമായെത്തുന്ന വാഹനങ്ങളാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
പലപ്പോഴും രോഗികളുമായെത്തുന്ന വാഹനങ്ങൾ ഏറെനേരം കാത്തുകിടന്നതിനുശേഷമാണ് പാലത്തിൽ കയറാനെത്തുന്നത്.
ഇരുവശങ്ങളിൽനിന്നുമായി വാഹനങ്ങൾ പാലത്തിൽ കയറുന്നതോടെ ഗതഗാതം ഏറെനേരം തടസപ്പെടുന്നു.
ഇതോടെ യാത്രക്കാർ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയും പതിവു കാഴ്ചയായിക്കഴിഞ്ഞു.
ഹോംഗാർഡിന്റെ സേവനം പുനഃസ്ഥാപിച്ചു ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.