ചെങ്ങന്നൂർ ബൈപാസ് യാഥാർഥ്യത്തിലേക്ക്
1337276
Thursday, September 21, 2023 11:19 PM IST
ചെങ്ങന്നൂര്‍: ചെങ്ങന്നൂർ നഗരത്തിൽ ദീർഘനാളുകളായുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ശാശ്വതപരിഹാരമായി ചെങ്ങന്നൂര്‍ ബൈപാസ് യാഥാര്‍ഥ്യമാകുന്നു.
കിഫ്ബിയില്‍നിന്ന് 200 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രാഥമിക നടപടികളുടെ ഭാഗമായി ചെങ്ങന്നൂര്‍, പുലിയൂര് വില്ലേജുകളിൽ 9.86 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർക്കാർ വിജ്ഞാപനമായി.
നഗരസഭയിൽ ശബരിമല വില്ലേജ് റോഡിൽ അങ്ങാടിക്കൽ ഭഗവതി മുതല്‍ ഐടിഐ ജംഗ്ഷനു സമീപം വരെയും എംസി റോഡില്‍ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിക്ക് തെക്കു ഭാഗത്തു നിന്നു തോട്ടിയാട് ജംഗ്ഷന്-ഓര്‍ക്കോട്ട് ജലധാര ബണ്ട് റോഡ് വഴി ചെറുകോട്ട പാടശേഖരത്തിനു നടുവിലൂടെയും ഓര്‍ക്കോട്ട് ചാലിന് വശത്തുകൂടിയും പേരിശേരി റെയിൽവേ ലെവൽ ക്രോസിനു സമീപത്തെത്തി മുണ്ടൻകാവിൽ എത്തുകയും തിരിച്ചും ഗതാഗതം നടപ്പിലാക്കാം എന്നതാണ് നിര്ദശിച്ചിട്ടുള്ളത്.
നഗരത്തില്‍ കയറാതെ വാഹനങ്ങള്‍ക്ക് എളുപ്പവഴിയില്‍ പോകുകയും ചെയ്യാം എന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. സെന്‍ട്രല്‍ ഹാച്ചറി ജംഗ്ഷൻ മുതല്‍ തോട്ടിയാട് ജംഗ്ഷന് വരെ പൊതുമരാമത്ത് റോഡും തോട്ടിയാട് ജംഗ്ഷന്-ഓര്‍ക്കോട്ട് ജലധാര ബണ്ട് റോഡ് നിലവില്‍ 6 മീറ്റര്‍ റോഡുമാണ്.
പുലിയൂര് പഞ്ചായത്തിലെ തിങ്കളാമുറ്റം വാര്‍ഡിലൂടെയാണ് നിര്‍ദിഷ്ട റോഡ് കടന്നുപോകുന്നത്. ശബരിമല വില്ലേജ് റോഡിൽ അങ്ങാടിക്കൽ ഭഗവതി മുതല്‍ ഐടിഐ ജംഗ്ഷനു സമീപം വരെയും സെന്‍ട്രല്‍ ഹാച്ചറി മുതല്‍ മുണ്ടന്‍കാവ് വരെയും റിംഗ് റോഡ് മാതൃകയില്‍ 10.2 കിലോമീറ്ററാണ് ബൈപാസിന്റെ ദൂരം.
കരവസ്തുവിലൂടെ 12 മീറ്റര്‍ വീതിയിലും നെല്‍വയലിലൂടെ 18 മീറ്റര്‍ വീതിയിലുമാണ് റോഡിനായി സ്ഥലം ഏറ്റടുക്കുന്നത്. ഇതോടൊപ്പം സാമൂഹ്യാഘാത പഠനവും നടത്തും.
വസ്തു ഉടമകള്‍ക്ക് സുതാര്യമായ രീതിയില്‍ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നതിനാണ് പഠനം നടത്തുന്നത്. എറണാകുളം, കളമശേരി രാജഗിരി ഔട്ട്റീച്ചിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യാഘാത പഠനം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
2018 ൽ എംഎൽഎ ആയിരുന്ന സജി ചെറിയാന്റെ നിവേദനത്തെത്തുടർന്നാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 200 കോടി രൂപ റോഡിന്റെ നിര്‍മാണ ചെലവിന് അനുവദിച്ചത്.
സ്ഥലം ഏറ്റെടുക്കുന്നതിന് 65 കോടി രൂപ മുന്‍കൂര്‍ ആയി അനുവദിച്ചിട്ടുണ്ട്. ബൈപാസ് റോഡ് നിര്‍മാണത്തിനുള്ള മറ്റു നടപടികളും അതിവേഗം പൂർത്തീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.