വളമംഗലത്ത് പേടിസ്വപ്നമായി വിദ്യാർഥികളുടെ മരണപ്പാച്ചിൽ
1337269
Thursday, September 21, 2023 11:19 PM IST
തുറവൂർ: വളമംഗലത്തിനു പേടിസ്വപ്നമായി വിദ്യാർഥികളുടെ മരണപ്പാച്ചിൽ. ഇരുചക്രവാഹനത്തിലും കാറുകളിലുമാണ് വിദ്യാർഥികളുടെ അഭ്യാസപ്രകടനം.
ഇരുചക്രവാഹനത്തിൽ മൂന്നിലധികം കുട്ടികളും കാറിൽ നിരവധി കുട്ടികളും കയറിയാണ് തുറവൂർ - വളമംഗലം റോഡിലൂടെ മരണപ്പാച്ചിൽ നടത്തുന്നത്. വളമംഗലത്തെ ഒരു സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർഥികളാണ് നാട്ടുകാർക്കു ജീവനു ഭീഷണിയായി മാറുന്ന രീതിയിലുള്ള മരണപ്പാച്ചിൽ നടത്തുന്നത്.
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത കുട്ടികളാണ് ഇത്തരത്തിൽ വാഹനമോടിക്കുന്നത്. കോളജ് അധികൃതരുടെ സ്വാധീനത്തിൽ പോലീസ് ഇതിനെതിരേ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ദിവസം രണ്ടും മൂന്നും അപകടങ്ങളാണ് വളമംഗലം മേഖലയിൽവിദ്യാർഥികളുടെ വാഹനങ്ങൾ ഇത്തരത്തിൽ ഉണ്ടാക്കുന്നത്.
ഇന്നലെ രാവിലെ വളമംഗലത്ത് എസ് എൻജിഎം കവലയിൽ കോളജിലേക്ക് തിരിയുന്ന സ്ഥലത്ത് വിദ്യാർഥികൾ ഓടിച്ച കാർ നിയന്ത്രണംവിട്ട് റോഡിന്റെ സൈഡിൽനിന്ന ഇലക്ട്രിക് പോസ്റ്റും സമീപത്തെ മതിലും തകർത്താണ് നിന്നത്.
അപകടം നടന്ന കാറിൽ പത്തു വിദ്യാർഥികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. അപകടത്തെത്തുടർന്ന് കാറിലു ണ്ടായിരുന്ന രണ്ടു വിദ്യാർഥിനികൾ ഓടി രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികൾ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
നാട്ടുകാർ അറിയിച്ചതനുസരിച്ച് കുത്തിയതോട് പോലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുക്കാനോ സംഭവത്തെക്കുറിച്ച് അന്വഷിക്കാനോ തയാറായില്ലെന്നും ആരോപണമുണ്ട്. വിദ്യാർഥികളുടെ റോഡിലൂടെയുള്ള വാഹനത്തിലെ അഭ്യാസം കാൽനടയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഭീഷണിയായി മാറുകയാണ്.
ഇടറോഡുകളിലും ചെറിയ റോഡുകളിലും ഇത്തരത്തിൽ വളരെ വേഗത്തിലാണ് കാറും ബൈക്കും വിദ്യാർഥികൾ ഓടിച്ചുപോകുന്നത്.
അടിയന്തരമായി കുത്തിയതോട് പോലീസ് മേഖലയിൽ പട്രോളിംഗ് ശക്തമാക്കി, ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനം ഓടിക്കുന്ന വിദ്യാർഥികൾക്കെതിരേയും നിയമവിരുദ്ധമായി വാഹനമോടിക്കുന്ന വിദ്യാർഥികൾക്കെതിരേയും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.