സർക്കാർ പ്രഖ്യാപനത്തിനു പുല്ലുവില; ഞങ്ങൾ മാലിന്യം തള്ളും
1337074
Thursday, September 21, 2023 12:15 AM IST
മാന്നാർ: മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടികളുമായി സർക്കാരും പഞ്ചായത്തുകളും നീങ്ങുമ്പോഴും ഒരു കൂട്ടർക്ക് ഇതൊന്നും ബാധകമല്ലെന്ന രീതിയിലാണ് മാലിന്യങ്ങൾ തളളുന്നത്. പൊതുനിരത്തുകളിലും ജലസ്രോതസുകളിലും മാലിന്യങ്ങൾ തള്ളുന്നവർ ഏറി വരുകയാണ്.
മാന്നാർ കുരട്ടിക്കാട് തൊമ്മൻപറമ്പ് കടവിൽ മാലിന്യം വലിച്ചെറിയുന്നതു പതിവായിരിക്കുന്നു. നിരവധി ആളുകൾ ഉപയോഗിക്കുന്ന പ്രധാന കുളിക്കടവിലാണ് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്. റോഡിൽനിന്ന് മഴവെള്ളം ആറ്റിലേക്ക് ഒഴുകിപ്പോകാൻ ഓട നിർമിച്ചിട്ടുണ്ടെങ്കിലും ഈ ഓട മുഴുവൻ കാടുകയറിക്കിടക്കുകയാണ്. ഈ കാട്ടിലേക്കും അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കാടുകയറിയ വസ്തുവിലുമാണ് മാലിന്യങ്ങൾ തള്ളുന്നത്. ഈ പ്രദേശങ്ങൾ മുഴുവൻ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ മാലിന്യങ്ങളാണ്.
മഴപെയ്താൽ ഈ മാലിന്യങ്ങൾ ഒഴുകി ആറ്റിലേക്കു വരുന്നതു കുളിക്കാനും നനയ്ക്കാനും വരുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ആഹാരത്തിന്റെയും മത്സ്യമാംസാദികളുടെയും മാലിന്യങ്ങളാണ് കൂടുതലും കവറുകളിൽ കെട്ടി നിക്ഷേപിക്കുന്നത്. ഇതുകാരണം പ്രദേശത്ത് വലിയ ദുർഗന്ധവുമാണ്.
പലതവണ പഞ്ചായത്തംഗം ഉൾപ്പടെയുള്ള ആളുകൾ ഇതു വിലക്കിയിട്ടുണ്ടെങ്കിലും ആരും കാര്യമാക്കുന്നില്ല. മാലിന്യനിക്ഷേപം പ്രതിദിനം വർധിക്കുന്നതല്ലാതെ യാതൊരു മാറ്റവും ഇല്ല. കുളിക്കടവിന്റെ പരിസരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരേ പഞ്ചായത്ത് അധികാരികൾ കർശനമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.