നായ്ക്കളുടെ ആക്രമണം: നിരവധിപേർക്കു പരിക്ക്
1336789
Tuesday, September 19, 2023 10:59 PM IST
മാന്നാർ: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മാന്നാറിൽ നിരവധിപേർക്കു പരിക്കേറ്റു. മാന്നാർ ടൗൺ, പാവുക്കര, കുരട്ടിക്കാട് പ്രദേശങ്ങളിലായി കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ പത്തോളം പേർക്കാണ് കടിയേറ്റത്. കുട്ടികൾ ഉൾപ്പെടെയുള്ളവർ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇന്നലെ രാവിലെ മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ തൊഴാനെത്തിയ ദേവീസദനത്തിൽ കുട്ടപ്പൻ പിള്ളക്ക് തെരുവ് നായയുടെ ആക്രമണത്തിൽ കാലിനു ആഴത്തിൽമുറിവേറ്റു. കൈയ്യിലിരുന്ന കുട ഉപയോഗിച്ച് അടിച്ചോടിക്കാൻ ശ്രമിച്ചെങ്കിലും കാലിന്റെ ഇരുവശങ്ങളിലും നായ് കടിച്ചു.
രക്തം വാർന്നൊഴുകിയ നിലയിൽ നിന്ന ഇയാളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കുരട്ടിക്കാട് തെള്ളികിഴക്കേതിൽ രാജഗോപാലിന്റെ മകൻ അഞ്ചാം ക്ളാസ് വിദ്യാർഥി അദ്വൈത് ആർ.ഗോപാലിനും തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. മുറ്റത്ത് നിന്ന അദ്വൈതിനെ പിന്നിൽനിന്നും നായ ആക്രമിക്കുകയായിരുന്നു.
അതിനു ശേഷം റോഡിലേക്കിറങ്ങിയ നായ സ്കൂട്ടർ യാത്രക്കാരന്റെമേൽ ചാടിക്കയറിയെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതേ നായയുടെ ആക്രമണത്തിൽ കുരട്ടിക്കാട് മൂശാരിപ്പറമ്പിൽ രാധാകൃഷ്ണനും പരിക്കേറ്റു. പരിക്കേറ്റവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പാവുക്കരയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആറോളം പേർക്ക്പരിക്കേറ്റു. ഇവർ തിരുവല്ല താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. തെരുവ് നായ് ആക്രമണത്തിൽ നിരവധിപേർക്കു പരിക്കേറ്റതോടെ ജനങ്ങൾ ഭീതിയിലായി.
മാന്നാർ പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതിനെത്തുടർന്ന് തെരുവ് നായ്ക്കൾക്കായി ഷെൽട്ടർ നിർമ്മിക്കാൻ ബജറ്റിൽ തുക വകയിരുത്തുകയും മൃഗാശുപത്രി വളപ്പിൽ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത വിധം സംരക്ഷണ ഭിത്തികൾ കെട്ടി ഷെൽട്ടർ നിർമ്മിക്കാൻ നടപടികൾ ആരംഭിച്ചപ്പോൾ പ്രദേശവാസികളുടെ പ്രതിഷേധത്തിൽ തടസപ്പെടുകയായിരുന്നു. പാവുക്കരയിൽ രണ്ടുമാസം മുൻപും തെരുവ് നായ് ആക്രമണമുണ്ടായി.
അക്രമകാരിയായ നായ്ക്കളെ പടിക്കാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നായ്പിടുത്തക്കാർ ഒരു രാത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.