ഹോട്ടലിനു മുന്നിൽ പ്രതിഷേധിച്ചു
1336590
Tuesday, September 19, 2023 12:01 AM IST
മാന്നാർ: ജനകീയ ഹോട്ടലിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധസമരം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സുജിത് ശ്രീരംഗം ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണസമതിയുടെ കെടുകാര്യസ്ഥതയാണ് ഒരു മാസമായി ജനകീയ ഹോട്ടൽ അടച്ചിടാൻ കാരണമായതെന്ന് കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം ആരോപിച്ചു. മാന്നാർ മുട്ടേൽ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിനു മുന്നിലാണ് സമരം സംഘടിപ്പിച്ചത്.
പഞ്ചായത്ത് കമ്മിറ്റിയിൽ ഹോട്ടൽ അടച്ച വിവരം അറിഞ്ഞില്ലെന്നും രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്നുപറയുകയും മാധ്യമങ്ങളോട് ഈ വിഷയം മുൻപ് അറിഞ്ഞിരുന്നുവെന്ന് പറയുകയും ചെയ്തതിലൂടെ പഞ്ചായത്ത് പ്രസിഡന്റ് പൊതുസമൂഹത്തെ തെറ്റിധരിപ്പിച്ചിരിക്കുകയാണ്. 1.44 ലക്ഷം രൂപ കുടിശികയിനത്തിൽ ഹോട്ടൽ നടത്തിപ്പുകാരായ നാലു വനിതകൾക്ക് ലഭിക്കാനുള്ളതിനാലാണ് ഹോട്ടൽ നിന്നുപോയത്.
പഞ്ചായത്ത് ഇടപെട്ട് ജനകീയ ഹോട്ടൽ വീണ്ടും തുറക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർആവശ്യപ്പെട്ടു. അജിത്ത് പഴവൂർ, വത്സലാ ബാലകൃഷ്ണൻ, മധുപുഴയോരം, രാധാമണി ശശീന്ദ്രൻ, വി.കെ. ഉണ്ണകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.