കര്‍ഷകനെ കുരുതികൊടുത്തത് പിണറായി സര്‍ക്കാര്‍: കെ. സുധാകരന് എംപി
1336587
Tuesday, September 19, 2023 12:01 AM IST
ആലപ്പുഴ: അമ്പലപ്പുഴയില്‍ രാജപ്പന് എന്ന നെല്‍കര്‍ഷകനെ കുരുതികൊടുത്തത് സംസ്ഥാന സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. സര്‍ക്കാർ സംഭരിച്ച നെല്ലിന്റെ വില പൂര്‍ണമായും നല്‍കാത്തതു കാരണം സാമ്പത്തിക പ്രതിസന്ധിയിലായാണ് രാജപ്പന് ജീവനൊടുക്കിയത്.
കൃഷിയില്‍നിന്നുള്ള വരുമാനം ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന കുടുംബമാണ് രാജപ്പന്റേത്. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം രാജപ്പനായിരുന്നു. സംഭരിച്ച നെല്ലിന്റെ തുക നല്കുന്നതില് സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയതു കാരണം കൃഷിയിറക്കാന്‍ കഴിയാതെവരികയും കാന്‍സര്‍ രോഗിയായ മകന്റെ ചികിത്സ മുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ കടുത്ത മനോവിഷമത്തിലായിരുന്നു രാജപ്പന്.
കഴിഞ്ഞ ഏപ്രിലില്‍ സംഭരിച്ച നെല്ലിന്റെ വിലയായി 1.5 ലക്ഷത്തിലധികം രൂപ രാജപ്പന്റെ കുടുംബത്തിന് കിട്ടാനുണ്ടായിരുന്നു. അവകാശപ്പെട്ട പണത്തിന് അദ്ദേഹം സര്‍ക്കാര്‍ ഓഫീസുകളില്‍ നിരന്തരം കയറി ഇറങ്ങിയിട്ടും പ്രയോജനമുണ്ടായില്ല.
രാജപ്പന് നല്‍കാനുള്ള പണം ഉടനേ നല്‍കാനും അത്താണി നഷ്ടപ്പെട്ട ആ കുടുംബത്തിന് ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുധാകരന് ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം കാരണമാണ് സംസ്ഥനത്ത് കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാകുന്നതെന്നും സുധാകരന് പറഞ്ഞു.