ഹോട്ടൽ വ്യാപാരിയെ തട്ടി കൊണ്ടുപോയി പണം തട്ടിയ സംഭവം: പ്രതികളുമായി തെളിവെടുപ്പ് നടത്തി
1336584
Tuesday, September 19, 2023 12:01 AM IST
കായംകുളം: കൃഷ്ണപുരം മുക്കടയിലെ ഹോട്ടൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത കേസിലെ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
മുക്കടയിൽ കാട്ടൂസ് കിച്ചൺ ഹോട്ടൽ നടത്തുന്ന വ്യാപാരിയെ കഴിഞ്ഞ മാസം 24നു പുലർച്ചെ തട്ടിക്കൊണ്ടുപോയി 24000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ കുപ്രസിദ്ധ ഗുണ്ടയും കായംകുളത്തെ മീറ്റർ പലിശ തലവനുമായ പത്തിയൂർ എരുവ പടിഞ്ഞാറ് കോട്ടയിൽ ഷിനു എന്നു വിളിക്കുന്ന ഫിറോസ് ഖാൻ (32), കുപ്രസിദ്ധ ഗുണ്ടയായ കൃഷ്ണപുരം പുള്ളിക്കണക്ക് കുന്നത്ത് വീട്ടിൽ തൊണ്ണാത്തി എന്ന് വിളിക്കുന്ന സജീർ (33), കീരിക്കാട് പുളിവേലിൽ കരാട്ടേ സെമീർ എന്ന് വിളിക്കുന്ന സെമീർ ബാബു (35), പത്തിയൂർ എരുവ വാണിയന്റയ്യത്ത് മുനീർ എന്നു വിളിക്കുന്ന മുഹമ്മദ് മുനീർ (22), കായംകുളം കാഴ്ച കുന്നേൽ വീട്ടിൽ കുട്ടപ്പായി എന്നു വിളിക്കുന്ന കൊച്ചു മോൻ (39) എന്നിവരെയാണ് മുക്കടയിലെ ഹോട്ടലിലും വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പിടിച്ചുപറി നടത്തിയ സ്ഥലമായ ഷിനു എന്നു വിളിക്കുന്ന ഫിറോസ് ഖാന്റെ പത്തിയൂർ എരുവ പടിഞ്ഞാറ് കോട്ടയിൽ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
മുക്കടയിലെ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ ദിവസംതന്ന കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലും യുവാവിനെ കഴുത്തിൽ കത്തിവച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിലും ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ രണ്ടു കേസിലെയും പ്രതികളെ പിടികൂടാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ ഉത്തരവ് പ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരവേയാണ് ഇടുക്കി ചിന്നക്കനാലിൽ പ്രതികൾ അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കായംകുളം പോലീസ് സ്റ്റേഷനിലെ ദീപക് എന്ന പോലീസുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
അതിനാൽ പ്രതികൾക്കെതിരെ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കായംകുളത്തെ പ്രമുഖ മീറ്റർ പലിശക്കാരനായ ഷിനു എന്ന് വിളിക്കുന്ന ഫിറോസ് ഖാനെതിരെയും ഇയാളുടെ സംഘത്തിനെതിരേയും മീറ്റർ പലിശയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ലഭിച്ചതായും പോലീസ് വ്യക്തമാക്കി.
കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ. ശ്രീകുമാർ ഉൾപ്പെടെയുള്ള പോലീസ് സംഘമാണ് പ്രതിളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കായംകുളത്തെ മീറ്റർ പലിശ ഇടപാടുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർക്കെതിരേ കാപ്പാ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവി അറിയിച്ചു.