അരൂരിലെ വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ വേമ്പനാട്ട് കായലിൽ തള്ളുന്നത് തുടരുന്നു
1336315
Sunday, September 17, 2023 11:00 PM IST
തുറവൂർ: അരൂർ വ്യവസായ കേന്ദ്രത്തിനോട് അനുബന്ധിച്ചുള്ള വ്യവസായശാലകളിൽനിന്നു പുറംതള്ളുന്ന മാലിന്യംമൂലം വേമ്പനാട്ട് കായലിന്റെ അവസ്ഥ ദുരന്തപൂർണ്ണമാകുന്നു. ഇവിടെ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ പൂർണ്ണമായും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതോടു കൂടിയാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്.
ഇവിടെ നൂറുകണക്കിനു വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് മാത്രമാണ് പൊലൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ് നിലവിലുള്ളത്. ഇതിൽ തന്നെ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാനായി ഈ വ്യവസായസ്ഥാപനങ്ങൾ ട്രീറ്റ്മെന്റ് പ്ലാൻറുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രവർത്തിക്കുന്നുമില്ല. പിസിബി സർട്ടിഫിക്കറ്റുകൾ കിട്ടുവാൻ വേണ്ടി മാത്രമാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
ഇവിടുത്തെ വ്യവസായ സ്ഥാപനങ്ങളിലെ മുഴുവൻ മാലിന്യങ്ങളും വേമ്പനാട്ടുകായലിലെക്കാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം ഈ മേഖലയിൽ വളരെയധികം പാരിസ്ഥിതിക പ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
പ്രദേശത്തെ കായലിലേയും പുഴകളിലേയും തോടുകളിലേയും മത്സ്യങ്ങളും മറ്റും ചത്തുപൊങ്ങി യതോടുകൂടിയാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ നിയമപോരാട്ടത്തിന് ഇറങ്ങിയത്. പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡിനോട് പ്രദേശം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വ്യവസായ സ്ഥാപനങ്ങൾക്ക് അനുകൂലമായിട്ടുള്ള റിപ്പോർട്ടുകളാണ് സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡ് കോടതി സമർപ്പിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതേതുടർന്ന് കേന്ദ്ര പൊലൂഷൻ കൺട്രോൾ ബോർഡിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു .ഇതിൻപ്രകാരം മേഖലയിലെ വ്യവസായ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഒരുമിക്ക സ്ഥാപനങ്ങളിലും പൊലൂഷൻ കൺട്രോൾ ബോർഡിന്റെ നിബന്ധനകൾ നടപ്പിലാക്കാതെയും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയുമാണ് ഇവിടത്തെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയത്.
ചന്തിരൂർ, എരമല്ലൂർ, അരൂർ , എഴുപുന്ന, ഭാഗങ്ങളിലെ മുഴുവൻ വ്യവസായ സ്ഥാപനങ്ങളിലെയും , മത്സ്യ സംസ്കരണ ശാലകളിലേയും, ഖര, ദ്രാവക, മാലിന്യങ്ങൾ പൂർണമായും വേമ്പനാട്ടുകായലിലെക്കാണ് ഒഴുക്കിവിടുന്നത്. കൂടാതെ ഇവിടത്തെ രാസവസ്തുക്കളും ഈ വേമ്പനാട്ടു കായലിലേക്കാണ് നിക്ഷേപിക്കുന്നത്. ഇതുമൂലം ഇവിടുത്തെ മുഴുവൻ ജനങ്ങളും വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ നടുവിലാണ്.
എംപി ഫണ്ട് ഉപയോഗിച്ച് പ്രദേശത്ത് എല്ലാ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കാൻ തയ്യാറായിട്ടും വ്യവസായ സ്ഥാപനങ്ങളുടെ ഉടമകളുടെ സഹകരണം ഇല്ലാതായതോടുകൂടിയാണ് ഈ നീക്കവും പരാജയപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ ഇത്തരത്തിൽ ട്രീറ്റ്മെൻറ് പ്ലാൻറുകൾ സ്ഥാപിക്കാനായി തയ്യാറായി മുന്നോട്ടുവന്നെങ്കിലും അതിന്റെ പ്രവർത്തനങ്ങളും ഏറെക്കുറെ നിലച്ച അവസ്ഥയാണ്.
ചേർത്തല താലൂക്കിലെ വടക്കൻ മേഖല നിലവിൽ വ്യവസായ സ്ഥാപനങ്ങളിൽ നിന്നും പുറംതള്ളുന്ന വിഷ ദ്രാവകങ്ങൾ മൂലവും, മാലിന്യങ്ങൾ മൂലവും ദുരന്തപൂർണ്ണമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. അടിയന്തരമായി പ്രദേശത്തെ മുഴുവൻ വ്യവസായ സ്ഥാപനങ്ങളിലും മാലിന്യ ട്രീറ്റ്മെൻറ് പ്ലാൻറുകൾ സ്ഥാപിച്ചു പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.