പ്രതിഷേധ ധർണ സംഘടിപ്പിക്കും
1301413
Friday, June 9, 2023 11:12 PM IST
മാരാരിക്കുളം: തീരനിയന്ത്രണ നിയമത്തിൽ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ പ്രസിദ്ധീകരിച്ചതിൽ ആക്ഷേപം സമർപ്പിക്കുന്നതിന് സംസ്ഥാന തീരപരിപാലന സമിതി സംഘടിപ്പിച്ച പബ്ളിക് ഹിയറിംഗിൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവർ പങ്കെടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് മാരാരിക്കുളം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ആക്ഷേപം സമർപ്പിക്കുന്നതിന്നുള്ള അവസാന ദിവസം ഇന്നലെയായിരുന്നു.
ബ്ലോക്ക് പ്രസിഡന്റ് ഇ.വി.രാജു, കോൺഗ്രസ് മാരാരിക്കുളം മണ്ഡലം പ്രസിഡന്റ് സാജു വാച്ചാക്കൽ, കണിച്ചുകുളങ്ങര മണ്ഡലം പ്രസിഡന്റ് സി.കെ.ഹരിലാൽ,ഇഗ്നേഷ്യസ് അത്തിപ്പൊഴിയിൽ എന്നിവരാണ് ഇക്കാര്യമറിയിച്ചത്.
സമീപ പഞ്ചായത്തുകളായ ചേർത്തല സൗത്ത്, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകൾ പുതിയ കരട് പട്ടികയിൽ ഇടം നേടുകയും ഇളവുകൾ നേടുകയും ചെയ്തപ്പോൾ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പട്ടികയിൽ ഇടം നേടാനാവാതെ പുറത്തായത് കൃത്യമായി കാര്യങ്ങൾ പഠിച്ച് സമർപ്പിക്കാതിരുന്നതിനാലാണെന്ന് ഇവർ കുറ്റപ്പെടുത്തി.