ജില്ലയിലെ തീരസദസുകൾക്കു സമാപനം
1300587
Tuesday, June 6, 2023 10:43 PM IST
ആലപ്പുഴ: തീരദേശത്തെ കേൾക്കാനും ചേർത്തു പിടിക്കാനുമായി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന തീരസദസുകൾ പൂർത്തിയായി. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, അരൂർ, ചേർത്തല തീരദേശമണ്ഡലങ്ങളിലായി നടന്ന തീരസദസുകളിലൂടെ ജില്ലയിൽ 1,24,88,000 രൂപ ധനസഹായമായി നൽകി. ജില്ലയിലാകെ 4196 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 1720 അപേക്ഷകൾ പരിഹരിച്ചു. മറ്റുള്ളവ പരിഹാരത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറി.
മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ വായ്പാ ധനസഹായം എന്നീ ഇനങ്ങളിലാണ് ധനസഹായം നൽകിയത്. ഹരിപ്പാട് മണ്ഡലത്തിൽ 15.7 ലക്ഷം രൂപയുടെ ധനസഹായം നൽകി.
അമ്പലപ്പുഴ മണ്ഡലത്തിൽ 35.2 ലക്ഷം രൂപയുടെ ധനസഹായവും ആലപ്പുഴ മണ്ഡലത്തിൽ 29.5 ലക്ഷം രൂപയും അരൂർ മണ്ഡലത്തിൽ 14.5 ലക്ഷം രൂപയും ചേർത്തല മണ്ഡലത്തിൽ 30 ലക്ഷം രൂപയും ധനസഹായമായി നൽകി. കൂടാതെ തീരസദസിന്റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കോ-ഓർഡിനേഷൻ കമ്മിറ്റികളും ഡയറക്ടറേറ്റ് തലത്തിൽ മോണിറ്ററിംഗ് സെല്ലും സംസ്ഥാനതല പ്രചാരണ കമ്മിറ്റിയും ജില്ലാ അദാലത്ത് സെല്ലും രൂപീകരിച്ചിട്ടുണ്ട്.