നൂറുമേനി മഹാസംഗമം 10ന് ചങ്ങനാശേരിയിൽ
1300572
Tuesday, June 6, 2023 10:41 PM IST
ചങ്ങനാശേരി: അതിരൂപത ബൈബിള് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില് ആറു മാസമായി നടന്നുവന്ന നൂറുമേനി ദൈവവചന മനഃപാഠ മത്സരത്തിലെ വിജയികളുടെ മഹാസംഗമം 10ന് ചങ്ങനാശേരിയിൽ നടക്കും. 250 ഇടവകകളിലെ 3000 കുടുംബക്കൂട്ടായ്മകളിൽ നടന്ന മത്സരത്തിന്റെ സമാപനമാണ് എസ്ബി കോളജ് കാവുകാട്ടുഹാളിൽ നടക്കുന്നതെന്നു ഡയറക്ടര് ഫാ.ജോര്ജ് മാന്തുരുത്തി, ജനറല് കണ്വീനര് സണ്ണി തോമസ് ഇടമണ്ണിക്കല് എന്നിവര് പത്രസമ്മേളനത്തില് അറിയിച്ചു. 10ന് ശനിയാഴ്ച രാവിലെ ഒൻപതിന് ആരംഭിക്കും. നൂറുമേനി മഹാസംഗമത്തിന്റെ ഉദ്ഘാടനവും നൂറുമേനി സീസന് ടൂ പ്രഖ്യാപനവും മേജര് ആര്ച്ച്ബിഷപ് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി നിര്വഹിക്കും. ആര്ച്ച്ബിഷപ് മാര് ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
സഹായ മെത്രാന് മാര് തോമസ് തറയില് അനുഗ്രഹ പ്രഭാഷണം നടത്തും. സിബി മാത്യു ഐപിഎസ്, സിനി ആര്ട്ടിസ്റ്റും സിനിമ സംവിധായകനുമായ ജോണി ആന്റണി, അതിരൂപത ബൈബിള് അപ്പോസ്തലേറ്റ് - കുടുംബ കൂട്ടായ്മ ഡയറക്ടര് ഫാ. ജോര്ജ് മാന്തുരുത്തില്, സണ്ണി തോമസ് ഇടിമണ്ണിക്കല് തുടങ്ങിയവര് പ്രസംഗിക്കും. കേരളത്തില് ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള വിപുലമായ ഒരു വചന മനഃപാഠ മത്സരം നടക്കുന്നത്.
ഇടവക തലത്തില് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള് ലഭിച്ചവര്, വ്യക്തിപരമായി നൂറ് മാര്ക്കോ അതിലധികമോ ലഭിച്ചവര്, അതിരൂപതതല വിജയികള് എന്നിവര് മഹാസംഗമത്തില് പങ്കുചേര്ന്നു സമ്മാനങ്ങള് ഏറ്റുവാങ്ങും. കോട്ടയം കാന്റില് ബാൻഡ് നയിക്കുന്ന മ്യൂസിക് ബാൻഡും സ്നേഹവിരുന്നും ഉണ്ടാകും.
ഗ്രാൻഡ് ഫിനാലെ
ഒൻപതിന്
അതിരൂപതയിലെ അഞ്ച് റീജണുകളില്നിന്നു വിജയികളായ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രാന്ഡ് ഫിനാലെ ഓഡിയോ വിഷ്വൽ മെഗാ മത്സരം ഒൻപതിനു രാവിലെ 11ന് കാവുകാട്ട് ഹാളില് നടക്കും. മത്സരത്തിന്റെ ലൈവ് അതിരൂപതയുടെ യൂ ട്യൂബ് ചാനലായ MAC TV യിൽ ലഭിക്കും. പത്രസമ്മേളനത്തില് സിസ്റ്റര് ചെറുപുഷ്പം എസ്എബിഎസ്, ജോബ് ആന്റണി പവ്വത്തില്, ജോണിക്കുട്ടി സ്കറിയ, ആന്റണി മലയില്, ജോസുകുട്ടി കുട്ടംപേരൂര്, സൈബി അക്കര, ടോമി ആന്റണി കൈതക്കളം എന്നിവരും പങ്കെടുത്തു.