കുട്ടനാട് തലൂക്ക്തല അദാലത്ത്
1300385
Monday, June 5, 2023 11:15 PM IST
ആലപ്പുഴ: മന്ത്രിമാരുടെ കുട്ടനാട് താലൂക്ക്തല പരാതി പരിഹാര അദാലത്തായ കരുതലും കൈത്താങ്ങും നാളെ രാവിലെ 10 മുതല്‍ മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ടു മുതല്‍ പരാതികള്‍ നല്‍കാം.
മന്ത്രി പി. പ്രസാദ് അദാലത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എംപി, തോമസ് കെ. തോമസ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ എം.വി. പ്രിയ, ജില്ലാ പഞ്ചായത്തംഗങ്ങളായ ബിനു ഐസക് രാജു, ഗീത ബാബു, എസ്. അഞ്ജു, സബ് കളക്ടര്‍ സൂരജ് ഷാജി, എഡിഎം എസ്. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത തുടങ്ങിയവര്‍ പങ്കെടുക്കും.
അദാലത്ത് വേദിയില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി ടോക്കണ്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അപേക്ഷ എഴുതി നല്‍കുന്നതുള്‍പ്പെടെയുള്ള സഹായം ഉദ്യോഗസ്ഥര്‍ ചെയ്തു നല്‍കും. തിരക്ക് ഒഴിവാക്കുന്നതിനായി പരാതി സ്വീകരിക്കാനും രജിസ്ട്രേഷനും ടോക്കണ്‍ നല്‍കാനുമൊക്കെ പ്രത്യേകം കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
പരാതി സ്വീകരിക്കാന്‍ മാത്രമായി കുറഞ്ഞത് മൂന്ന് കൗണ്ടറുകളാണുള്ളത്. ഒരോ കൗണ്ടറിലും പ്രത്യേകം ജീവനക്കാര്‍ ഉണ്ടാകും. എല്ലാ അപേക്ഷകളും ഈ കൗണ്ടറുകളില്‍ നല്‍കാം. നേരത്തെ അപേക്ഷ നല്‍കിയവര്‍ക്കായി പ്രത്യേകം കൗണ്ടറും ഉണ്ടാകും.