കാര്‍ പോസ്റ്റിലിടിച്ച് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം
1300382
Monday, June 5, 2023 11:15 PM IST
ചേര്‍ത്തല: കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ ഒന്നരവയസുള്ള കുട്ടിക്കു ദാരുണാന്ത്യം. പനി ബാധിച്ച കുട്ടിയുമായി ആശുപത്രിയിലേക്കു പോകുംവഴിയായിരുന്ന അപകടം.
ചേര്‍ത്തല നഗരസഭ നാലാംവാര്‍ഡില്‍ നെടുമ്പ്രക്കാട് കിഴക്കേനടുപ്പറമ്പില് മുനീറിന്റെയും അസ്നയുടെയും ഏകമകള്‍ ഒന്നരവയസുള്ള ഹയ്സയാണ് മരിച്ചത്. മുന്‍സീറ്റില്‍ കുട്ടിയുമായിരുന്ന അച്ഛന് മുനീറിനും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെ ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിനു സമീപമായിരുന്നു അപകടം. പനി കൂടിയതിനെത്തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് അപകടമുണ്ടായത്.
നിയന്ത്രണംവിട്ട കാര്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ ചേര്‍ത്തല താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.