ആലപുഴ സെന്റ് ജോസഫ്സ് വനിതാ കോളജിൽ പരിസ്ഥിതി ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു
1300380
Monday, June 5, 2023 11:15 PM IST
ആലപ്പുഴ: സെന്റ് ജോസഫ്സ് വനിതാ കോളജിലെ വിദ്യാർഥിനികളും അധ്യാപകരും പരിസ്ഥിതി ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. കോളജിലെ ഗ്രീൻ ഇനിഷ്യേറ്റീവ് കമ്മിറ്റി, ഭൂമിത്രസേന, എൻഎസ്എസ്, എൻസിസി, എനർജി ക്ലബ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഉഷാ ആന്റണി വൃക്ഷത്തൈനട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡോ. ഡയാന കെ. ജെ, രമ്യ ജയിംസ് എന്നിവർ പ്രസംഗിച്ചു. വരും ദിനങ്ങളിൽ പരമ്പരാഗത ഔഷധസസ്യങ്ങളും ഉപയോഗവും എന്ന വിഷയത്തിൽ സെമിനാറും ഇലക്ട്രോണിക് മാലിന്യങ്ങൾ വിവിധ മേഖലകളിൽനിന്ന് ശേഖരണവും ബീച്ചും പരിസരവും വൃത്തിയാക്കലും നടക്കും.
പൂച്ചാക്കൽ: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിന്റെയും നേച്ചർ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. ജയിംസ് പുതുശേരി വൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഷാജു സി.ആർ.അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് പി.ആർ. സുമേരൻ, സയൻസ് ക്ലബ് കൺവീനർ ബിന്ദു തോമസ്, അധ്യാപകരായ നീനു സി. ജോസഫ്, വിൻസി മോൾ, ടി.കെ ലീന ഗബ്രിയേൽ തുടങ്ങിയവർ പങ്കെടുത്തു. തൈക്കാട്ടുശേരി പഞ്ചായത്തിൽ കന്നുകുളത്ത് വൃക്ഷതൈ നട്ടു പ്രസിഡന്റ് ഡി. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. നദുവത്തുൽ ഇസ്ലാം യുപി സ്കൂൾ പരിസ്ഥിതി സംരക്ഷണദിനാഘോഷം സംഘടിപ്പിച്ചു. നാസർ മഠത്തിൽപറമ്പിൽ സ്കൂൾ വളപ്പിൽ പ്ലാവിൻതൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഫാസിൽ പരിസ്ഥിതിദിന സന്ദേശം നൽകി. വിജിതമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജസീന സ്വാഗതം പറഞ്ഞു.
തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ പ്രസിഡന്റ് ടി. ദേവരാജൻ, സ്കൂൾ ലീഡർ എന്നിവർ ചേർന്ന് വൃക്ഷതൈനട്ടു ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പാണാവള്ളി കൃഷി ഓഫീസർ ഫാത്തിമ റഹിയാനത്ത് ഉദ്ഘാടനം ചെയ്തു. പോഗ്രാം ഓഫീസർ ഡോ.പി.ആർ ജിതിൻ, പ്രിൻസിപ്പൽ ദിലീകുമാർ, പ്രദീപ്.എം, മുഹമ്മദ് ഉസ്മാൻ എന്നിവർ പങ്കെടുത്തു.
കായംകുളം: ചേപ്പാട് സികെഎച്ച്എസ്എസ് സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിനു കെ. സാമുവൽ, ഹെഡ്മിസ്ട്രസ് എലിസബത്ത് തോമസ്, സാറാമ്മ ഉമ്മൻ, ജോമോൻ. സി.റ്റി, സോണി ജേക്കബ്, ചാക്കോപ്പണിക്കർ, ബിനോ കെ. ഷാജി എന്നിവർ പങ്കെടുത്തു.