ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ വൃക്ഷത്തൈനടീൽ, നവജാതശിശുവിന് വൃക്ഷത്തൈ നൽകിയുള്ള ഉദ്ഘാടനം, കർഷകരെ ആദരിക്കൽ, പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തെ അധികരിച്ചുള്ള ഉപന്യാസ രചന, കവിതാരചന, ചിത്രരചന, ഫ്ലാഷ് മോബുകൾ, ക്വിസ് പരിപാടി, റോൾപ്ലേ, ഏകാഭിനയം തുടങ്ങി വൈവിധ്യമാർന്ന ആരോഗ്യ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം അന്നേ ദിനത്തിൽ പിറന്ന ആശുപത്രിയിലെ നവജാത ശിശുവിനു വൃക്ഷത്തൈ നൽകിആലപ്പുഴ എഡിഎം സന്തോഷ് കുമാർ നിർവഹിച്ചു. ആശുപത്രി വളപ്പിൽ ഫലവൃക്ഷ തൈകളും അദ്ദേഹം നട്ടു. വനിത ശിശു ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ. ദീപ്തി അധ്യക്ഷത വഹിച്ചു. ഡോ. സംഗീത ജോസഫ് സ്വാഗതം പറഞ്ഞു. ആശുപത്രിക്ക് ചെടികളും വിത്തുകളും നൽകി പരിസ്ഥിതിദിന സന്ദേശം കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ നൽകി. ഫെഡറൽ ബാങ്കിന്റെ ആലപ്പുഴ മുഖ്യ ശാഖ മാനേജർ പാർവതി ആശുപത്രിക്കായി വിവിധയിനം ചെടികൾ സംഭാവന ചെയ്തു.