നെല്ലുവില വൈകിയാൽ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക്: എം.എം. ഹസൻ
1300135
Sunday, June 4, 2023 11:23 PM IST
മങ്കൊമ്പ്: കർഷകരിൽ നിന്നു സംഭരിച്ച നെല്ലിന്റെ വില ഇനിയും വൈകിയാൽ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്കു വ്യാപിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ.
അന്നം കൊടുക്കുന്ന കർഷകരുടെ അന്നം മുടക്കിയാൽ മന്ത്രിമാരെ വഴിയിൽ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നെല്ലുവില അടിയന്തിരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി കുട്ടനാട് താലൂക്ക് ഓഫീസ് പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബജറ്റിൽ പ്രഖ്യാപിച്ച തുക പോലും വകമാറ്റി ചെലവഴിച്ച് 1.72 രൂപാ കുറച്ച് 28.20 രൂപ വീതമാണ് ഇപ്പോൾ നെല്ലുവില നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാവിലെ ഒൻപതോടെ ഉപവാസ സമരം ആരംഭിച്ചു.
സംഭരണം തുടങ്ങി മൂന്നര മാസമായിട്ടും നെല്ലുവില ലഭിക്കാത്തതിനാൽ സമരത്തിൽ കർഷകരുടെ പങ്കാളിത്തം ശക്തമായിരുന്നു. രാവിലെ മുതൽ കുട്ടനാടിന്റെ വിവിധ മേഖലകളിൽ നിന്ന് യുഡിഎഫ് പ്രവർത്തകരും കർഷകരും നെല്ലുത്പാദകസമിതി ഭാരവാഹികളും സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയിരുന്നു. യുഡിഎഫ് കുട്ടനാട് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എംഎൽഎ മാരായ എം. മുരളി, ജോസഫ് എം. പുതുശേരി, ഷാനിമോൾ ഉസ്മാൻ, യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജി മോഹൻ, കെപിസിസി ഭാരവാഹികളായ എം.ജെ. ജോബ്, കോശി എം. കോശി, കെ.പി. നജീബ്, വി.ജെ. ലാലി തുടങ്ങിയവർ പങ്കെടുത്തു.